തിരുവനന്തപുരം : തിരുവനന്തപുരം ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്ന് തൊണ്ടി മുതലുകള്‍ നഷ്‌ടപ്പെട്ടു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണമാണ് കാണാതായത്. ജില്ല കലക്‌ടറുടെ ഓഫിസ് അടക്കം പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ കോടതിയില്‍ നിന്നാണ് തൊണ്ടി മുതലുകളായ സ്വര്‍ണം നഷ്‌ടമായിരിക്കുന്നത്.
സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ 120 ഗ്രാം വെള്ളിയും 45000 രൂപയും നഷ്‌ടപ്പെട്ടിട്ടുണ്ട്. ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മൃതദേഹങ്ങളില്‍ നിന്ന് ലഭിക്കുന്ന ആഭരണങ്ങളും പണവുമാണ് ഇവിടെ സൂക്ഷിക്കുന്നത്. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പൊലീസാണ് ആര്‍ഡിഒ കോടതിയില്‍ ആഭരണങ്ങള്‍ കൈമാറുന്നത്.
അവകാശികള്‍ എത്തുമ്പോള്‍ ഇവ തിരികെ നല്‍കാറാണ് പതിവ്. ഇത്തരത്തില്‍ മുരുക്കുംപുഴ സ്വദേശിയുടെ ആഭരണങ്ങള്‍ ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചപ്പോഴാണ് ആഭരണങ്ങളും പണവും നഷ്‌ടമായത് അറിയുന്നത്. സിവില്‍സ്റ്റേഷനിലെ ഒന്നാം നിലയിലാണ് ആര്‍ഡിഒ കോടതി.