തിരുവനന്തപുരം: ടേം ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് വിദ്യാർഥിയെ സ്കൂള്‍ ബസില്‍ കയറ്റിയില്ലെന്ന് പരാതി. കുന്നത്തുകാല്‍ ശ്രീചിത്തിര തിരുനാള്‍ സ്കൂളിലെ ആറാം ക്ലാസുകാരൻ അഭിഷേകിനെയാണ് ഫീസ് അടക്കാത്തതിന്‍റെ പേരില്‍ വാനില്‍ കയറ്റാതിരുന്നത്. തുടർന്ന് വിദ്യാർഥിയുടെ പരീക്ഷയും മുടങ്ങി. ഫീസടക്കാന്‍ രണ്ട് ദിവസത്തെ അവധി ചോദിച്ചിട്ട് നല്കാത്ത സ്കൂൾ മാനേജ്മെൻ്റിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് അഭിഷേകിന്‍റെ രക്ഷിതാക്കൾ. വിദ്യാഭ്യാസ മന്ത്രി, ബാലാവകാശ കമ്മിഷൻ, വകുപ്പ് തലങ്ങളിൽ ഇവർ പരാതിയും നല്‍കിയിട്ടുണ്ട്.
ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് വിദ്യാർഥിയെ വാനില്‍ കയറ്റിയില്ല;പരാതിയുമായി രക്ഷിതാക്കള്‍
സംഭവത്തിൽ വിദ്യാർഥിയുടെ പിതാവ് വിദ്യാഭ്യാസ മന്ത്രി, ബാലാവകാശ കമ്മിഷൻ, വകുപ്പ് തലങ്ങളിൽ പരാതി നല്‍കിയിട്ടുണ്ട്.
ടേം ഫീസായ പതിനായിരത്തി അഞ്ഞുറു രൂപ അടക്കാത്തതിനാലാണ് കുട്ടിയെ ബസില്‍ കയറ്റാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ നാലാം ക്ലാസ് മുതല്‍ ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടി ഇതുവരെയും ഫീസ് മുടക്കിയിട്ടില്ലെന്നും കഴിഞ്ഞ രണ്ട് ടേമിലേയും ഫീസ് കൃത്യസമയത്ത് അടച്ചുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.സിനിമാ പ്രവർത്തകനായ താന്‍ ലൊക്കേഷനില്‍ ആയതിനാലാണ് ഫീസടക്കാന്‍ വൈകിയതെന്നും നാട്ടിൽ എത്തി തുക നല്‍കാമെന്ന് പറഞ്ഞിട്ടും സമയം നല്‍കിയില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
വിദ്യാര്‍ഥിയുടെ അമ്മ സ്കൂള്‍ ബസിലുണ്ടായിരുന്ന ജീവനക്കാരിയോട് ഫീസടക്കാന്‍ സാവകാശം ചോദിക്കുന്നുണ്ടെങ്കിലും മാനേജര്‍ ബസില്‍ കയറ്റേണ്ടെന്ന് നിര്‍ദേശം നല്‍കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.എന്നാൽ തൻ്റെ കൂട്ടുകാരുടെ മുമ്പിൽ വച്ച് വാനിൽ നിന്ന് തന്നെ ഇറക്കിവിട്ട മനോവിഷമത്തിലാണ് അഭിഷേക്.