തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയുടെ ഏകദിന സമ്പൂര്‍ണ യോഗം സെപ്റ്റംബര്‍ 23 വ്യാഴാഴ്‌ച തിരുവനന്തപുരത്ത് ചേരും. പരാജയകാരണങ്ങള്‍ സംബന്ധിച്ച് യു.ഡി.എഫ് ജില്ല ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും ഘടക കക്ഷികളുടെ ജില്ല കമ്മിറ്റികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും 23 ന് രാവിലെ ആരംഭിക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും.
ആര്‍.എസ്.പി മത്സരിച്ച അഞ്ച് സീറ്റുകളില്‍ വിജയ സാധ്യതയുണ്ടായിരുന്ന മൂന്നിടത്തെ പരാജയമാകും പ്രധാന ചര്‍ച്ചയാകുക. ഇതോടൊപ്പം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് മുഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ കിട്ടാത്ത സീറ്റുകളിലെ പരാജയകാരണങ്ങളും വിലയിരുത്തും.
സെമി സ്‌പീഡ് റെയില്‍വേ പദ്ധതി ചര്‍ച്ചയാകും
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും ചില സീറ്റുകളിലെ പരാജയം സംബന്ധിച്ച സമാനമായ പരാതികളുണ്ട്. ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ചയാകും. ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വേണ്ടത്ര പിന്തുണ നല്‍കാത്തതാണ് പരാജയകാരണമെന്ന വിമര്‍ശനം ആര്‍.എസ്.പി നേരത്തേ ഉയര്‍ത്തിയിട്ടുള്ളതാണ്.
തിരുവനന്തപുരം - കാസര്‍കോട് സെമി സ്‌പീഡ് റെയില്‍വേ കോറിഡോര്‍ എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതി സംബന്ധിച്ച് യു.ഡി.എഫ് നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും.
പദ്ധതി അപ്രായോഗികമാണെന്നും ലാഭകരമല്ലാത്തതിനാല്‍ ഉപേക്ഷിക്കണമെന്നുമാണ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. സെമി സ്‌പീഡ് റെയിലിന് പകരമുള്ള ബദല്‍ പദ്ധതി നിര്‍ദേശങ്ങളും യോഗത്തില്‍ ഉപസമിതി സമര്‍പ്പിച്ചേക്കും.
ALSO READ:'സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്‍റെ നിറം നൽകരുത്'; ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി