'ഭരണമുള്ള സംസ്ഥാനങ്ങളില്‍ പണമെറിഞ്ഞ് എംഎല്‍എമാരെ സ്വന്തമാക്കുക, ഭരണമില്ലാത്തിടത്ത് ഗവര്‍ണറെ ഇറക്കി ഉപദ്രവിക്കുക' - ബിജെപിക്കെതിരായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു പോലെ ആരോപിക്കുന്ന ഒരു വാചകമാണിത്. നിലവില്‍ ഇക്കാര്യം ശരിവയ്‌ക്കുന്നതാണ് കേരളത്തിലും തമിഴ്‌നാട്ടിലും സംഭവിക്കുന്നത്. രണ്ടും കാവിപ്പാര്‍ട്ടിക്ക് വഴങ്ങാത്ത മണ്ണ്. ഇവിടങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല.
ഗവര്‍ണര്‍മാരുടെ 'രാഷ്‌ട്രീയ നീക്ക'ത്തിനെതിരായി ശക്തമായി ഇരുസംസ്ഥാന ഭരണകൂടവും നിലപാടെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ്, യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള കേരള സര്‍ക്കാരിന്‍റെ ശ്രമം. സമാനമാണ്, ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ ആര്‍എന്‍ രവിയ്‌ക്ക് യോഗ്യതയില്ലെന്ന് കാണിച്ച് സ്ഥാനത്തുനിന്നും പുറത്താക്കാന്‍ രാഷ്‌ട്രപതിയ്‌ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തയച്ചത്.
ഏറ്റില്ല, ഗവര്‍ണറുടെ 'ഞെട്ടിക്കല്‍'; പിന്നാലെ തുറന്ന പോര്:കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് വേണ്ടത്ര യോഗ്യതയില്ലാതെയാണെന്ന് ആരോപിച്ച് മാസങ്ങള്‍ക്കുമുന്‍പ് ഗവര്‍ണര്‍ രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ 'ഞെട്ടിപ്പിക്കുന്ന' വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ ഗവര്‍ണര്‍ രാജ്‌ഭവനില്‍ അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചു. അത് മുഖ്യമന്ത്രിയ്‌ക്കും ഇടതുപക്ഷ സംസ്ഥാന ഭരണത്തിനും ഒട്ടും പോറലേല്‍പ്പിച്ചില്ലെന്ന് കണ്ടാണ് അടുത്തിടെ, സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്‌ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് ഗവര്‍ണര്‍ക്കെതിരായ പോര് കടുപ്പിച്ച് സംസ്ഥാന ഭരണകൂടം രംഗത്തുവന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കുകയെന്ന സുപ്രധാന തീരുമാനം, അദ്ദേഹത്തിന്‍റെ നീക്കത്തിനുള്ള കൃത്യമായ മറുപടി നല്‍കലും കൂടിയാണ്.
ALSO READ|ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം: ഒപ്പിടേണ്ടത് ഗവർണർ
ജനങ്ങളെ സേവിക്കുന്നതിൽ നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ തടസപ്പെടുത്തുന്നു, വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു, നിയമസഭ പാസാക്കിയ ബില്ലുകൾ ബോധപൂർവം വൈകിപ്പിച്ച് ഭരണ സ്‌തംഭനം ഉണ്ടാക്കുന്നു, ഗവര്‍ണര്‍ രാഷ്‌ട്രീയക്കാരനെ പോലെ സംസാരിക്കുന്നു തുടങ്ങിയവയാണ് തമിഴ്‌നാട്ടിലെ ഡിഎംകെ ഭരണകൂടത്തിന്‍റെ ആരോപണം. തമിഴ്‌നാട്ടിലും മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര് ശക്തിപ്പെട്ടത്, സംസ്ഥാനത്തെ 13 സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടാണ്. വിസി നിയമനാധികാരം സർക്കാരിൽ നിക്ഷിപ്‌തമാക്കാനുള്ള ബിൽ 2022 ഏപ്രിലിൽ നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചെങ്കിലും ആറുമാസമായിട്ടും ഗവർണർ തൊട്ടിട്ടില്ല.
ഗവര്‍ണറുടെ അടിയ്‌ക്ക് സ്റ്റാലിന്‍റെ തിരിച്ചടി :മാത്രമല്ല, അളഗപ്പ സർവകലാശാല, മനോൻമന്യം സുന്ദരനാർ സർവകലാശാല, തിരുവള്ളൂർ സർവകലാശാല എന്നിവിടങ്ങളിൽ വൈസ് ചാൻസലറെ നിയമിക്കുക കൂടി ചെയ്‌തു. ഇതോടെയാണ് സകല പരിധിയും വിട്ട് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ശക്തിപ്പെട്ടത്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാന്‍ കേരളം ശക്തമായി ഇപ്പോള്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ മാതൃക കാട്ടി തമിഴ്‌നാട് കേരളത്തിനും മുന്‍പേ നടന്നിട്ടുണ്ട്. 2022 മെയ് അഞ്ചിനാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം തമിഴ്‌നാട് സര്‍ക്കാര്‍ ബിൽ പാസാക്കി എടുത്തുകളഞ്ഞത്. ഇതിനായി മുന്ന് ബില്ലുകളാണ് ഡിഎംകെ ഭരണകൂടം നിയമസഭയില്‍ പാസാക്കിയത്.
ALSO READ|ഗവർണർ ഓർഡിനൻസിൽ ഒപ്പു വയ്ക്കാതിരുന്നാൽ കോടതിയെ സമീപിക്കും: കാനം രാജേന്ദ്രൻ
തമിഴ്‌നാട് സർവകലാശാല നിയമങ്ങള്‍ ഭേദഗതി വരുത്തി ചാൻസലർ എന്ന പദം ഒഴിവാക്കി 'സർക്കാർ' എന്ന പദം ചേര്‍ത്താണ് ബില്‍ പാസാക്കിയത്. പുറമെ, വിസിമാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന നിയമത്തില്‍ ഡോ. അംബേദ്‌കർ ലോ യൂണിവേഴ്‌സിറ്റിയെയും ഉള്‍പ്പെടുത്തിയാണ് മൂന്നാമത്തെ ബിൽ പാസാക്കിയത്. തമിഴ്‌നാടിന് പുറമെ ചില സംസ്ഥാനങ്ങള്‍ കൂടി ഇക്കാര്യത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ പാസാക്കിയിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.