തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ ക്ഷേത്രോത്സവങ്ങൾക്ക് കർശന നിയന്ത്രണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന ചടങ്ങുകളായി ഉത്സവങ്ങളെ ചുരുക്കാനാണ് നിർദ്ദേശം. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാൻ പാടില്ല.ശബരിമല ഉത്സവത്തിന് തീർഥാടകരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രങ്ങളിൽ അന്നദാനം ഒഴിക്കാനും ഇന്ന് ചേർന്ന പ്രത്യേക ബോർഡ് യോഗത്തിൽ തീരുമാനമായി. മാർച്ച് 31 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഉത്സവങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് - ഉത്സവങ്ങൾക്ക് കർശന നിയന്ത്രണം
ക്ഷേത്രത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന ചടങ്ങുകളായി ഉത്സവങ്ങളെ ചുരുക്കണം. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാൻ പാടില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്ര ജീവനക്കാർക്കും കൈയുറകളും മാസ്‌കും നൽകും. സാനിറ്റൈസർ എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമാക്കും. തിരുവല്ലം, വർക്കല തുടങ്ങിയ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരിക്കില്ല. മാർച്ച് 31 വരെയുള്ള ശനിയാഴ്‌ചകളിൽ ജീവനക്കാർക്ക് അവധി നൽകും.
അസിസ്റ്റന്‍റ് കമ്മിഷണർ മുതൽ താഴേയ്ക്കുള്ള ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിൽ ഹാജരായാൽ മതിയാകും. ഉത്സവത്തിനായി ഈ മാസം 29ന് നടതുറക്കുന്ന ശബരിമലയിൽ പൂജകൾ മാത്രമാണ് ഉണ്ടാവുക. ക്ഷേത്രങ്ങൾ രാവിലെ ആറ് മുതൽ പത്ത് വരെയും, വൈകുന്നേരം 5.30 മുതൽ 7.30 വരെയും മാത്രം തുറക്കാനാണ് നിർദ്ദേശം.