തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ നിലനിൽക്കെ പുതു ചരിത്രമെഴുതിയ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച വൈകിട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തും.
മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്‌ക്കായി പതിനായിരത്തോളം പേര്‍ക്കിരിക്കാനാകുന്ന പടുകൂറ്റന്‍ പന്തല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറായെങ്കിലും അതിരൂക്ഷമായ കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 500 പേര്‍ക്കു മാത്രമാണ് സത്യപ്രതിജ്ഞ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കൂടുതൽ വായനയ്‌ക്ക്:ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്, ധനവകുപ്പ് ബാലഗോപാലിന്;മന്ത്രിമാര്‍ ഇവരൊക്കെ
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലയിൽ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നിലിനല്‍ക്കുന്നുവെങ്കിലും സത്യപ്രതിജ്ഞ ചടങ്ങിന് 500 പേര്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്. സര്‍ക്കാര്‍ പൊതുജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും, എന്നാൽ സത്യപ്രതിജ്ഞയ്‌ക്ക് 500 പേരുടെ ആള്‍ക്കൂട്ടം അനുവദിക്കുകയും ചെയ്യുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധങ്ങളുയർന്നു. മുഖ്യപ്രതിപക്ഷമായ യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ലെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഓണ്‍ലൈനായി സത്യ പ്രതിജ്ഞ വീക്ഷിക്കുമെന്നറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെ കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പൊതു താല്‍പര്യ ഹര്‍ജികളും എത്തിയിട്ടുണ്ട്.
കൂടുതൽ വായനയ്‌ക്ക്:രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ; പന്തൽ തൊഴിലാളിക്ക് കൊവിഡ്
സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരും സിപിഐയില്‍ നിന്ന് നാല് മന്ത്രിമാരും ജനതാദള്‍- എസ്, കേരള കോണ്‍ഗ്രസ്-എം, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, എന്‍സിപി എന്നീ ഘടക കക്ഷികളുടെ ഓരോ മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേസമയം ചടങ്ങിൽ ഒരു മാധ്യമ സ്ഥാപനത്തിന്‍റെ ഒരു പ്രതിനിധിക്കു മാത്രമാണ് പ്രവേശനം. ചാനലുകളുടെ ക്യാമറകള്‍ക്ക് സത്യപ്രതിജ്ഞ നടക്കുന്നിടത്ത് പ്രവേശനമില്ല. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ ക്ഷണക്കത്തുമായാണ് പന്തലില്‍ പ്രവേശിക്കേണ്ടത്. ഇവര്‍ ആര്‍ടിപിസിആര്‍ ഫലമോ ആന്‍റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.