തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകേണ്ട സബ്‌സിഡി മുടങ്ങിയിട്ട് നാലുമാസം. ജനകീയ ഹോട്ടലുകൾ നടത്തുന്ന കുടുംബശ്രീ സംരംഭകർ നേരിടുന്നത് കടുത്ത പ്രതിസന്ധി.
20 രൂപയ്ക്ക് ജനകീയ ഹോട്ടൽ ഊണ് നൽകുമ്പോൾ പത്തു രൂപ വീതമാണ് സർക്കാർ സബ്‌സിഡി നൽകേണ്ടത്. സബ്‌സിഡി നിലച്ചതോടെ പ്രതിദിനം 2300ഓളം പൊതിച്ചോറുകൾ വിറ്റുപോകുന്ന എ പ്ലസ് കാറ്റഗറിയിലുള്ള തിരുവനന്തപുരം എസ്.എം.വി സ്‌കൂളിനു സമീപത്തെ അനന്തപുരി ജനകീയ ഹോട്ടൽ അടക്കം നിലനിൽപ്പിനായി പോരാടുകയാണ്.
സർക്കാർ സബ്‌സിഡി നിലച്ചിട്ട് നാലുമാസം; ജനകീയ ഹോട്ടലുകളുടെ നിലനിൽപ് പ്രതിസന്ധിയിൽ ജനകീയ ഹോട്ടലിലെ ഭക്ഷണത്തെ ചൊല്ലി വിവാദം ഉണ്ടായപ്പോൾ ഈ മഹത്തായ മാതൃകയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് തിരിച്ചടിച്ച സംസ്ഥാന സർക്കാർ അവയുടെ നിലനിൽപ്പിന് പശ്ചാത്തലം ഒരുക്കുന്നതിൽ കാട്ടുന്നത് കടുത്ത അലംഭാവമാണ്. സർക്കാർ നാലുമാസമായി സബ്‌സിഡി നൽകാതായതോടെ കടം വാങ്ങി സംരംഭം തുടരുകയാണ് ഇവർ. മുറിഞ്ഞപാലത്തെ ജനകീയ ഹോട്ടലിന് ലഭിക്കാനുള്ളത് ഏഴര ലക്ഷം രൂപയാണ്. ഡി.പി.ഐയിലെ ജനകീയ ഹോട്ടലിന് 7 ലക്ഷം.
സർക്കാർ സബ്‌സിഡി നൽകാത്ത പക്ഷം ജനകീയ ഹോട്ടലുകൾ നടത്തിക്കൊണ്ടുപോകാനാകില്ല എന്ന മുന്നറിയിപ്പാണ് സംരംഭകർ നൽകുന്നത്. കൊവിഡ് കാലത്ത് സാധാരണക്കാരൻ്റെ വിശപ്പകറ്റിയ മഹത്തായ മാതൃക സർക്കാർ ചെയ്യേണ്ടത് ചെയ്‌തില്ലെങ്കിൽ നിലച്ചുപോയേക്കും.
Also Read: നൂറുകോടി പ്രതിരോധം ; വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ നിര്‍ണായക നാഴികക്കല്ല്