തിരുവനന്തപുരം : പഠന സമയത്തെ പ്രണയ വിവാഹം, ശേഷം വേർപിരിയൽ. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശിവഗിരി തീര്‍ഥാടനകാലത്ത് നാരങ്ങ വെള്ളം വരെ വിറ്റു. ഇന്നിപ്പോള്‍ വർക്കല എസ്.ഐയുടെ ചുമതലയില്‍. ജീവിതത്തിലെ കഠിന പരീക്ഷകള്‍ താണ്ടിയാണ് ആനിശിവ പൊലീസ് യൂണിഫോം അണിഞ്ഞിരിക്കുന്നത്.
വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഡിഗ്രി ഒന്നാം വർഷമായിരിക്കെ ആനി വിവാഹിതയാകുന്നത്. പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ സാധിച്ചതിന്‍റെ സന്തോഷം പക്ഷേ അധികനാൾ നീണ്ടുനിന്നില്ല. എട്ട് മാസമുള്ള കുഞ്ഞിനെയും കൊണ്ട് അവൾ തെരുവിലേക്കിറങ്ങി. വീട്ടുകാർ ഏറ്റെടുക്കില്ലെന്ന് അറിഞ്ഞ ആനി കുഞ്ഞിനൊപ്പം അമ്മൂമ്മയുടെ വീട്ടിൽ അഭയം പ്രാപിച്ചു.
ജോലിയും പഠനവും
പിന്നീട് കുഞ്ഞിനെ നോക്കാനായി ജോലിക്കായുള്ള അലച്ചിലിലായി ആനി. ഇതിനായി പഠനം വരെ വേണ്ടെന്ന് വച്ചു. സേവന കറി പൗഡറിന്‍റെ ഡോർ ടു ഡോർ ഡെലിവറിയടക്കം ജോലികൾ ചെയ്‌തു. കുട്ടികൾക്ക് പ്രൊജക്ടും റെക്കോർഡും എഴുതി നൽകിയും ഓൺലൈൻ ജോലികൾ ചെയ്‌തും കുഞ്ഞു കുടുംബത്തിന് ജീവിക്കാനുള്ള വരുമാനം കണ്ടെത്തി.
വർക്കല ശിവഗിരി തീർഥാടന സമയത്ത് സ്വന്തമായി സ്റ്റോൾ ഇട്ട് ഏഴ് മാസത്തോളമാണ് നാരാങ്ങാവെള്ളവും ഐസ്‌ക്രീമും വരെ വിറ്റത്. ചുറ്റുപാട് പ്രതികൂലമാകുമ്പോഴും ജീവിതത്തെ അനുകൂലമാക്കാനായി പ്രതിസന്ധികളോട് പടവെട്ടുകയായിരുന്നു ആനി ശിവ.