കേരളം

kerala

ETV Bharat / state

ആനവണ്ടിയുടെ കഥ ..ചരിത്രത്താളിൽ - കേരള വാർത്ത

1955 ൽ കേരളത്തിലാദ്യമായി തിരുവനന്തപുരത്താണ് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നത്. ഇന്നും തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് ശംഖുമുഖത്തേയ്ക്കും ശാസ്തമംഗലത്തേയ്ക്കും സർവീസ് നടത്തുന്നു.

ആനവണ്ടിയുടെ കഥ  കെഎസ്‌ആർടിസി ചരിത്രം  ksrtc story  തിരുവനന്തപുരം വാർത്ത  thiruvananthapuram news  history of ksrtc bus news  കെഎസ്‌ആർടിസി വാർത്ത  കേരള വാർത്ത  kerala news
ആനവണ്ടിയുടെ കഥ ..ചരിത്രത്താളിൽ

By

Published : Jan 30, 2021, 4:35 PM IST

തിരുവനന്തപുരം: 1938 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് തന്‍റെ പ്രജകൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്‍റ്‌ എന്ന പേരിൽ ആദ്യമായി ബസ് സർവീസിന് തുടക്കമിടുന്നത്. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്. അര ചക്രമായിരുന്നു യാത്രകൂലി. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മൂന്നുറു രൂപയ്ക്ക് അടുത്ത് മതിപ്പുണ്ടായിരുന്നു. തുടക്കകാലത്ത് ഉയർന്ന തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. 1949 ൽ കൊച്ചിയിലേക്കും 1956 ൽ മലബാറിലേക്കും സർവീസ് വ്യപിപ്പിച്ചു. 1950 ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് നിലവിൽ വന്നതോടെ 1965 ൽ പുതിയ നിയമ നിർമ്മാണം നടത്തി കെ.എസ്.ആർ.ടി.സിയെ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റി. 1965 മാർച്ച് 15 ന് സംസ്ഥാന സർക്കാർ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അധികാര കേന്ദ്രം. ഇതിന് പുറമെ ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായി എക്സിക്യുട്ടീവ് ഡയറക്ടർമാരും ഭരണ നിർവഹണത്തിൽ പങ്കാളികളാകുന്നു.

ആനവണ്ടിയുടെ കഥ ..ചരിത്രത്താളിൽ
സർവീസുകൾ
ഓർഡിനറി, ദീർഘദൂര സർവീസുകളാണ് കെ.എസ്.ആർ.ടിക്ക് ഉള്ളത്. ചെറിയ ദൂരങ്ങളിൽ സർവീസ് നടത്തുന്നവയാണ് ഓർഡിനറി ബസുകൾ. ഇവയ്ക്ക് സ്റ്റോപ്പുകൾ കൂടുതലും ടിക്കറ്റ് നിരക്ക് കുറവുമാണ്. സാധാരണ സർവീസുകളിൽ ഡബിൾ ഡക്കർ മറ്റൊരു ആകർഷണമാണ്. 1955 ൽ കേരളത്തിലാദ്യമായി തിരുവനന്തപുരത്താണ് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നത്. ഇന്നും തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് ശംഖുമുഖത്തേയ്ക്കും ശാസ്തമംഗലത്തേയ്ക്കും സർവീസ് നടത്തുന്നു. ഓർഡിനറി കഴിഞ്ഞാൽ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്റ്റ് പാസഞ്ചറുകൾ. ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്. വളരെ ദൈർഖ്യമേറിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ് സൂപ്പർ ഫാസ്റ്റുകൾ. ഇവയ്ക്ക് പ്രധാന ടൗണുകളിൽ മാത്രമേ സ്റ്റോപ്പ് ഉണ്ടാവുകയുള്ളു. പച്ച നിറമുള്ള സൂപ്പർ ക്ളാസ് ബസുകളാണ് സൂപ്പർ എക്സ്പ്രസ് വിഭാഗത്തിൽ പെടുന്നത്. വെള്ള നിറത്തിൽ ദീർഘ ദൂര സർവീസിനായി സൂപ്പർ ഡീലക്സ് ബസുകളും കെ.എസ്.ആർ.ടിസിക്കായി സർവീസ് നടത്തുന്നു. ട്രെയിനിനെക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആരംഭിച്ചതാണ് മിന്നൽ സർവീസുകൾ. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ദീർഘദൂര സർവീസുകളാണ് സ്കാനിയ, വോൾവോ എന്നിവ. ഇതിന് പുറമെ കേന്ദ്ര സർക്കാർ അനുവദിച്ച ജൻറം ബസുകൾ എസി ,നോൺ എസി വിഭാഗത്തിലും സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഒരു സി.എൻ.ജി ബസാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.
ചെറിയ ദൂരങ്ങളിൽ സർവീസ് നടത്തുന്നവയാണ് ഓർഡിനറി ബസുകൾ
ബസുകൾ, വരുമാനം….

കേരളത്തിൽ 6000 ന് അടുത്ത് ബസുകളാണ് കെ.എസ്.ആർ.ടിസിക്ക് ഉള്ളത്. പ്രതിദിനം 5000 വരെ ഷെഡ്യൂളുകളാണ് നിശ്ചിയിച്ചിട്ടുള്ളത്. കൊവിഡിനെ തുടർന്ന് ഷെഡ്യൂളുകളുടെ എണ്ണം 3000 ലേക്ക് കുറഞ്ഞിരുന്നു. ശരാശരി അഞ്ചുമുതൽ ആറു കോടിവരെയായിരുന്നു പ്രതിദിന കളക്ഷൻ. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത് മൂന്ന് മുതൽ നാല് കോടി വരെയായി ചുരുങ്ങി. കെ.എസ്.ആർ.ടിസിയുടെ മൊത്തം വരുമാനം 2091 കോടി രൂപയിൽ നിന്ന് 2019-20 ൽ 2053 കോടി രൂപയായി കുറഞ്ഞു. മൊത്തം വരുമാന ചിലവ് 2018-2019 ൽ 2554 കോടി രൂപയിൽ നിന്ന് 2019-20 ൽ 2344 കോടി രൂപയായും പ്രവർത്തന നഷ്ടം 2019-19 ൽ 227 കോടി രൂപയിൽ നിന്ന് 2019-20 ൽ 291 കോടി രൂപയായും ഉയർന്നു. ആകെ വരുന്ന 5493 കെ.എസ്.ആർ.ടി.സി ബസുകളിൽ 2396(43.61)10 വർഷമോ അതിലധികമോ പഴക്കമുള്ളതാണ്. 2020 ൽ 10 സ്കാനിയയും എട്ട്‌ ഇലക്ട്രിക് ബസുകളും ഉൾപ്പടെ 18 ബസുകളാണ് വെറ്റ് ലീസ് അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളത്.
കേരളത്തിൽ 6000 ന് അടുത്ത് ബസുകളാണ് കെ.എസ്.ആർ.ടിസിക്ക് ഉള്ളത്
പ്രതിസന്ധിയും പരിഹാര നിർദ്ദേശങ്ങളും

വർധിച്ച പ്രവർത്തന ചിലവ്, ഉയർന്ന പെൻഷൻ ബാധ്യത, പലിശ തിരിച്ചടവ്, ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസ്, ആനുകൂല്യ യാത്രകൾ എന്നിവ കെ.എസ്.ആർ.ടിസിയുടെ പ്രതിസന്ധികൾക്ക് പ്രധാന ഘടകങ്ങളാണ്. കുറഞ്ഞ പ്രവർത്തന ക്ഷമത, ഉയർന്ന ജീവനക്കാരുടെ അനുപാതം, പ്രായോഗികമല്ലാത്ത ഡിപ്പോകൾ എന്നിവയും മറ്റു വെല്ലുവിളികളാണ്. പ്രവർത്തനേതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നൂതന പദ്ധതികൾ കെ.എസ്.ആർ.ടി.സിയിൽ ആസൂത്രണം ചെയ്തു വരുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് തിരുവനന്തപുരം നഗരത്തിൽ ഡീസൽ ഇതര ബസ് സർവീസ് നടത്താൻ സർക്കാർ പദ്ധതി ഇടുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനവും വർക്ക് ഷോപ്പുകളുടെ നവീകരണവും കമ്പ്യൂട്ടർവത്കരണവും കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഡീസൽ ബസുകളെ സി.എൻ.ജി, എൽ.എൻ.ജി ബസുകളാക്കാനും പുതിയ ഇലക്ട്രിക് ബസുകളാക്കാനും ചർച്ചകൾ നടക്കുന്നുണ്ട്.

ABOUT THE AUTHOR

...view details