തിരുവനന്തപുരം: തൊഴിലാളികളെ ദ്രോഹിക്കുന്ന മാനേജ്മെന്‍റ് നയങ്ങൾക്കെതിരെ ഗവൺമെന്‍റ് കർശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വിവിധ സംഘടിത അസംഘടിത തൊഴിൽ മേഖലകളിൽ മിനിമം വേതനം നിശ്ചയിക്കുന്നത് സംബന്ധിച്ചും മുത്തൂറ്റ് ഫിനാൻസ് എന്ന സ്ഥാപനം പൊതുജനങ്ങളിൽ നിന്ന് അധിക പലിശ ഈടാക്കുന്നുവെന്നും ചൂണ്ടി കാട്ടി എം.സ്വരാജ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
തൊഴിലിടങ്ങളിലെ പീഡനം; മാനേജ്മെന്‍റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി
സംസ്ഥാനത്തെ സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം ഏർപ്പെടുത്തുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയില്‍ പറഞ്ഞു.
മുത്തൂറ്റ് ഫിനാൻസ് തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്ന സാഹചര്യമാണ് ഉള്ളത് എന്ന് എം.സ്വരാജ് വിമർശിച്ചു. ഇത് കേരള സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് ചൂഷണ പ്രവർത്തനങ്ങൾ തൊഴിലാളികൾക്ക് നേരെ അടിച്ചേൽപ്പിക്കുന്ന സ്ഥാപനങ്ങളെ തൊഴിൽ നിയമം കൊണ്ട് സർക്കാർ വിലക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
തൊഴിലാളികളെ സംരക്ഷിക്കുക, സ്ഥാപനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുക എന്നാണ് സർക്കാരിന്‍റെ നിലപാടെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ എം.സ്വരാജിന് മറുപടി നൽകി. നിലവിൽ മുത്തൂറ്റിന്‍റെ 45 ബ്രാഞ്ചുകൾ അടച്ചു പൂട്ടുകയും 130ഓളം തൊഴിലാളികളെ പിരിച്ചുവിട്ടതായും മന്ത്രി സഭയിൽ പറഞ്ഞു. പൂട്ടിയ ബ്രാഞ്ചുകൾ തുറക്കാനായി മാനേജ്മെന്‍റുമായി തൊഴിൽ വകുപ്പ് ചർച്ച നടത്തി വരുന്നതായും മന്ത്രി അറിയിച്ചു .