തിരുവനന്തപുരം: എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തെ തുടർന്ന് ചെളിക്കുഴി ആയി മാറിയ കഴക്കൂട്ടം ദേശീയ പാത റോഡിന്‍റെ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി ഇന്നു മുതൽ കണിയാപുരം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ വെട്ട്റോഡ് നിന്നും ബീച്ച് റോഡ് വഴിയും ചന്തവിള വഴിയും തിരിച്ചു വിടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കഴക്കൂട്ടം ദേശീയ പാത ചെളിക്കുഴിയായി; മന്ത്രി കടകംപള്ളി സ്ഥലം സന്ദർശിച്ചു - കഴക്കൂട്ടം
ദേശീയ പാത ചെളിക്കുഴി ആയി കിടക്കുന്നു എന്ന് മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് മന്ത്രി സ്ഥലത്തെത്തി പരിശോധന നടത്തിയത്

ദേശീയ പാത ചെളിക്കുഴി ആയി കിടക്കുന്നു എന്ന് മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് മന്ത്രി സ്ഥലത്തെത്തി പരിശോധിച്ചത്. മന്ത്രിക്ക് പുറമേ ഹൈവേ ഉദ്യോഗസ്ഥരും കരാർ എടുത്ത കമ്പനി ഉദ്യാഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാറെടുത്ത കമ്പനി പ്രതികളൾ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. കെഎസ്ആർടിസി ബസുകളും കാറുകളും ഇരുചക്രവാഹനങ്ങളും കഴക്കൂട്ടം വഴി പോകാൻ അനുവദിക്കും. മഴ തീർന്നാലുടനെ റോഡിലെ ചെളി കോരി മാറ്റി താൽക്കാലിക റോഡ് നിർമിക്കും. എത്രയും വേഗത്തിൽ വൈദ്യുതി പോസ്റ്റുകളും മറ്റും മാറ്റി സ്ഥാപിക്കുന്ന ജോലികളും വശങ്ങളിൽ പുതിയ ഓട നിർമ്മിക്കാനുള്ള ജോലികളും നടക്കും. രണ്ടുമാസത്തിനകം ഇരുവശത്തും സർവീസ് റോഡ് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലമെടുപ്പ് സംബന്ധിച്ച് പണം കൈപ്പറ്റാതെ കേസുമായി മുന്നോട്ടു പോയ ഏതാനും ഉടമകളുടെ നഷ്ടപരിഹാര തുക കലക്ടറേറ്റിൽ കെട്ടി വച്ച ശേഷം ആ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ദേശീയ പാതയുടെ ഇരു ഭാഗത്തും ഏഴ് മീറ്റർ സർവീസ് റോഡ് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ മുതൽ ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള റോഡ് ചെളിക്കുഴിയായിമാറിരിന്നു. നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ തെന്നി വീണത്. കെഎസ്ആർടിസി ബസിൽ കയറുന്നവരും ഇറങ്ങുന്നവരും ചെളി കുഴിയിൽ വീണു. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് എതിർവശത്തെ റോഡ് മുറിച്ചു കടക്കവേ കാൽ ചെളിയിൽ താണു. ഏറെ ബുദ്ധിമുട്ടിയാണ് വീട്ടമ്മ ചെളിയിൽ നിന്നും കയറിയത്.