തിരുവനന്തപുരം: സംരക്ഷിത വന മേഖലയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല(esz) വേണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിലെ മലയോര-കാനന മേഖലകളില്‍ വീണ്ടും അസ്വസ്ഥത പരത്തുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്‌ഗില്‍ അധ്യക്ഷനായും പിന്നീട് വിവാദമായപ്പോള്‍ കസ്‌തൂരിരംഗനെയും നിയമിച്ചപ്പോള്‍ കേരളത്തിന്‍റെ മലയോര മേഖലകളില്‍ പടര്‍ന്ന അതേ എതിര്‍പ്പുകളാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിക്കെതിരെയും ഉയരുന്നത്. മുമ്പ് ഏറ്റവുമധികം എതിര്‍പ്പുയര്‍ത്തിയ ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഇപ്പോള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
സുപ്രീം കോടതി വിധിക്ക് പിന്നില്‍ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും കപട പരിസ്ഥിതി വാദികളുമാണെന്ന് ആരോപിച്ച സമിതി സുപ്രീം കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് സുപ്രീം കോടതിയെ സമീപിക്കണമെന്നും അതല്ലെങ്കില്‍ കോടതി വിധി മറികടക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പുതിയ നിയമം കൊണ്ടു വരണമെന്നുമാണ് ആവശ്യം. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഇ.എസ്.സെഡ് മേഖലയില്‍ സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം പാടില്ല.
ദേശീയ പാര്‍ക്കുകളിലാകട്ടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനവും പാടില്ല. ഇത്തരം ഇ.എസ്.സെഡ് മേഖലകളില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളെ കുറിച്ചും നിര്‍മ്മിതികളെ കുറിച്ചും സര്‍വ്വേ നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചുണ്ടാക്കിയിരിക്കുന്നത് അപ്രതീക്ഷിത പ്രതിസന്ധിയാണ്.