തിരുവനന്തപുരം :കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ സർക്കാർ. ലോകായുക്തയും, ഹൈക്കോടതിയും സമാനമായ പരാതികൾ തള്ളിയിരുന്നു. വൈസ് ചാൻസലർ നിയമനം നിയപരമായി തന്നെ ആയിരുന്നു എന്നതിന്‍റെ തെളിവാണിതെന്നും സർക്കാർ വാദിച്ചു.
കോൺഗ്രസ് നേതാവ് ജ്യോതി കുമാർ ചാമക്കാല നൽകിയ പരാതിയിൽ വാദം പരിഗണിക്കുമ്പോഴാണ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയില്‍ നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെ കാണാന്‍ പോയത് തന്നെ അഴിമതിയാണെന്നും, അദ്ദേഹം തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഗവർണർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.