തിരുവനന്തപുരം:തുടര്‍ഭരണ ചരിത്രം സൃഷ്ടിച്ച് അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് മന്ത്രി കെ.എൻ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. കെ.എന്‍.ബാലഗോപാലിന്‍റെ കന്നി ബജറ്റാണിത്. തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റ് സമഗ്രമായിരുന്നുവെന്ന് പറഞ്ഞാണ് പുതിയ ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വിശദമായ വാര്‍ഷിക ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാൻ ഈ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. എന്നാല്‍ ആരോഗ്യ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായി വന്നതുക്കൊണ്ടാണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി ആമുഖത്തില്‍ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കന്നി ബജറ്റില്‍ വരുമാന വര്‍ധനയ്ക്കും ജനങ്ങള്‍ക്കുള്ള ആശ്വാസ നടപടികള്‍ക്കുമായിരിക്കും മുന്‍തൂക്കമെന്നാണ് സൂചന. ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പല നികുതികളും അന്നത്തെ ധനമന്ത്രി ഒഴിവാക്കുകയോ വര്‍ധന വേണ്ടെന്നു വയ്ക്കുകയോ ചെയ്തിരുന്നു. എന്നാല്‍ പുതിയ ബജറ്റില്‍ ഇന്ധനം, മദ്യം, ഭൂമി, കെട്ടിടം, മോട്ടോര്‍ വാഹനം എന്നിവയ്ക്കുള്ള നികുതികളില്‍ വര്‍ധന വരുത്തിയേക്കും.