തിരുവനന്തപുരം:ചരിത്രം കുറിച്ച് കേരളം. സംസ്ഥാനം സ്വന്തമായി വികസിപ്പിച്ച ആദ്യ ഇലട്രിക് ഓട്ടോറിക്ഷ ഇനി കേരളത്തിന്‍റെ നിരത്തുകൾക്ക് സ്വന്തം. 'നീം ജി' എന്ന പേരിട്ട ഓട്ടോറിക്ഷ എം.എൽ.എ ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. നിയമസഭയിലേക്ക് എം.എൽ എ മാരെയും കൊണ്ടായിരുന്നു ഇലട്രിക് ഓട്ടോറിക്ഷയുടെ ആദ്യ സർവ്വീസ്. യാത്ര ചെയ്താൽ മാത്രം പോരെന്നും ഇ- ഓട്ടോകളുടെ പ്രചാരണത്തിനും എം.എൽ.എമാർ മുന്നിട്ടിറങ്ങണമെന്നൂം സ്പീക്കർ പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക്ക് ഓട്ടോകൾ നിരത്തിലിറങ്ങി
'നീം ജി' എന്ന പേരിട്ട ഓട്ടോറിക്ഷ എം.എൽ.എ ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു
എം.എൽ.എമാർക്കൊപ്പം സ്പീക്കറും മന്ത്രിമാരായ ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും ഇ- ഓട്ടോയിലെ ആദ്യ യാത്രക്കാരായി. ആദ്യഘട്ടത്തിൽ പത്ത് ഓട്ടോറിക്ഷകളാണ് നിരത്തിൽ ഇറങ്ങുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഇലട്രിക്കൽസ് ലിമിറ്റഡ് ആണ് ഓട്ടോയുടെ നിർമ്മാതാക്കൾ. പരിസ്ഥിതി സൗഹാർദ്ദമായ ഇ-ഓട്ടോയിൽ ഡ്രൈവർക്കൊപ്പം മൂന്ന് പേർക്കും യാത്ര ചെയ്യാം.
ഒരു തവണ ചാർജ് ചെയ്താൽ നൂറ് കിലോമീറ്റർ സഞ്ചരിക്കാനാകും. കിലോമീറ്ററിന് 50 പൈസ മാത്രമാണ് ചെലവ് വരിക. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബാറ്ററിയും രണ്ട് കെവി മോട്ടറുമാണ് ഓട്ടോയുടെ കരുത്ത്. 2.8 ലക്ഷം രൂപയാണ് റിക്ഷയുടെ വില. 30000 രൂപ സർക്കാർ സബ്സിഡിയായി ലഭിക്കും. കെഇഎൽ വഴി നേരിട്ടാണ് നിലവിൽ ഇ- ഓട്ടോകളുടെ വില്പന.