തിരുവനന്തപുരം :പുതിയ കൊവിഡ് പരിശോധനാരീതി പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍റെ ഈ നീക്കം.
രോഗവ്യാപനത്തിന്‍റെ കൃത്യമായ തോത് അറിയുന്നതിന് മുഴുവന്‍ ജില്ലകളിലും കൂടുതല്‍ പേരെ പരിശോധിക്കുമെന്ന് വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വ്യാപനത്തിന്‍റെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തും
സെന്‍റിനല്‍, റാന്‍ഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകള്‍ നടത്തും. റാന്‍ഡം സാമ്പിളുകള്‍ എടുത്ത് ജില്ലകളില്‍ രോഗബാധയുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തും.
80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും.
ഈ ജില്ലകളില്‍ സെന്‍റിനല്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി ആന്‍റിജന്‍ പരിശോധന നടത്തും. കടകള്‍, മാളുകള്‍, ഓഫിസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്.
ജില്ലയിലെ രോഗത്തിന്‍റെ സ്ഥിതി വിലയിരുത്താനുള്ള റാന്‍ഡം പരിശോധനയ്ക്കും ആന്‍റിജന്‍ മതിയാകും.