തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുമ്പോഴും സ്‌കൂളുകള്‍ സ്‌മാര്‍ട്ടാക്കി വിദ്യാഭ്യാസ വകുപ്പ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്‍ഡറി ലാബുകള്‍, മൂന്ന് ഹയര്‍സെക്കന്‍ഡറി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നിര്‍വഹിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, 93 എം.എല്‍.എമാരും ചടങ്ങിന്‍റെ ഭാഗമാകും. ഇത്രയും കെട്ടിടങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുന്നതും ഇത്രമാത്രം ഇടങ്ങിളിലേക്ക് വ്യാപിച്ച് ഉദ്ഘാടന കേന്ദ്രങ്ങള്‍ വരുന്നതും ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരു ചടങ്ങിന്‍റെ ഭാഗമാകുന്നതും ഇതാദ്യമായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
84 സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച്
14 ന് ഉദ്ഘാടനം ചെയ്യുന്ന 92 സ്‌കൂള്‍ കെട്ടിടങ്ങളില്‍ കിഫ്‌ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള 11 സ്‌കൂള്‍ കെട്ടിടങ്ങള്‍, മൂന്ന് കോടി ധനസഹായത്തോടെയുള്ള 23 സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് നിര്‍മിച്ചത്.
തറക്കല്ലിടുന്ന സ്‌കൂള്‍ കെട്ടിടങ്ങളില്‍ 84 എണ്ണം കിഫ്‌ബിയുടെ ഒരു കോടി ധനസഹായത്തോടെയും ബാക്കി 23 എണ്ണം പ്ലാന്‍ ഫണ്ട് വിനിയോഗിച്ചുമാണ്. ഉദ്ഘാടനം ചെയ്യുന്ന ഹയര്‍സെക്കന്‍ഡറി ലാബും, ലൈബ്രറിയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയവയാണ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളുടെ മതിപ്പ് ചെലവ് 214 കോടി രൂപയാണ്.