തിരുവനന്തപുരം:മന്ത്രിമാരെ നിശ്ചയിക്കാനുള്ള സി.പി.എം, സി.പി.ഐ നിര്‍ണായക യോഗങ്ങൾ നാളെ നടക്കും. ആദ്യം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കും. തൊട്ടു പിന്നാലെ സംസ്ഥാന സമിതി യോഗം ചേര്‍ന്ന് പാര്‍ട്ടിയുടെ 12 മന്ത്രിമാരെയും സ്‌പീക്കറെയും നിശ്ചയിക്കും. തുടര്‍ന്ന് പാര്‍ട്ടിയുടെ നിയമസഭ കക്ഷി യോഗം ചേര്‍ന്ന് പാര്‍ട്ടി നിയമസഭ കക്ഷി നേതാവായി പിണറായി വിജയനെ നിശ്ചയിക്കും.
സി.പി.എം, സി.പി.ഐ മന്ത്രിമാരെ തീരുമാനിക്കാൻ നിർണായക യോഗങ്ങൾ നാളെ - pinarayi vijayan
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗം ചേര്‍ന്ന് 12 മന്ത്രിമാരെയും സ്‌പീക്കറെയും നിശ്ചയിക്കും
നിലവിലെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജയ്ക്ക് പുറമേ മറ്റ് സി.പി.എം മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ നാല് മന്ത്രിമാരെയും ഡെപ്യൂട്ടി സ്‌പീക്കറെയും നാളെ നടക്കുന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും ചേര്‍ന്ന് തീരുമാനിക്കും. നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്‌പീക്കറും പുതുമുഖങ്ങളാകാനാണ് സാധ്യത.
വൈകിട്ട് എ.കെ.ജി സെന്‍ററിൽ നടക്കുന്ന എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിൽ പിണറായി വിജയനെ എല്‍.ഡി.എഫ് നേതാവായും തെരഞ്ഞെടുക്കും. തുടര്‍ന്ന് എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ ഒപ്പിട്ട കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രതിനിധികള്‍ നാളെ രാവിലെ 11 മണി മുതല്‍ എം.എല്‍.എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.