തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണപ്പണയ കാർഷിക വായ്പക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി. നാലുശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്ന തല്‍സ്ഥിതി തുടരും. സംസ്ഥാനത്ത് വീണ്ടും പ്രളയമുണ്ടായ പശ്ചാത്തലത്തില്‍ വായ്പാ പുനഃക്രമീകരണത്തിനും മൊറട്ടോറിയം നീട്ടുന്നതുള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ക്കും റിസർവ് ബാങ്കിന് വിശദമായ കത്തെഴുതുമെന്നും ബാങ്കേഴ്സ് സമിതി വ്യക്തമാക്കി. സ്വർണപ്പണയത്തിന്മേലുളള കാർഷിക വായ്പകള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റിസർവ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതനുസരിച്ച്, വരുന്ന ഒക്ടോബർ മാസം മുതല്‍ കിസാന്‍ ക്രെഡിറ്റ് ഉളളവർക്ക് മാത്രം സബ്‌സിഡി നിരക്കില്‍ സ്വർണ്ണപ്പണയത്തിന്മേല്‍ കാർഷിക വായ്പ നല്‍കിയാല്‍ മതിയെന്ന് ആർബിഐ ബാങ്കുകള്‍ക്ക് നിർദേശം നല്‍കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
സ്വർണപ്പണയ കാർഷിക വായ്പക്ക് നിയന്ത്രണമില്ലെന്ന് ബാങ്കേഴ്സ് സമിതി - എസ്.എൽ.സി.യോഗം ചേർന്നു
വായ്പാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് 3 ലക്ഷം രൂപ വരെ 4 ശതമാനം പലിശ നിരക്കിൽ വായ്‌പ ലഭിക്കുന്നതിന് തടസങ്ങളില്ലെന്നും ബാങ്കുകള്‍ അറിയിച്ചു.

നിലവിൽ സ്വർണപ്പണയത്തിന്മേലുള്ള കാർഷിക വായ്പകള്‍ക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നിർബന്ധമല്ല. ഈ രീതി തുടരും. വായ്പാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് 3 ലക്ഷം രൂപ വരെ 4 ശതമാനം പലിശ നിരക്കിൽ വായ്‌പ ലഭിക്കുന്നതിന് തടസ്സങ്ങളില്ലെന്നും ബാങ്കുകള്‍ അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും പ്രളയമുണ്ടായ പശ്ചാത്തലത്തില്‍ കർഷകരെടുത്ത വായ്പകള്‍ക്ക് ഒരുവർഷം മൊറട്ടോറിയം നീട്ടുന്നതിനും വായ്പാ പുനഃക്രമീകരണത്തിനും ഉള്‍പ്പെടെ റിസർവ് ബാങ്കിനെ സമീപിക്കുമെന്നും ബാങ്കുകള്‍ അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങൾ ഏതൊക്കെയാണെന്ന സർക്കാർ വിജ്ഞാപനം വരുന്ന മുറക്ക് ഇക്കാര്യത്തില്‍ തുടർനടപടികള്‍ സ്വീകരിക്കാനാണ് ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച വിലയിരുത്തലിനായി എസ്.എൽ.സി.യോഗം ചേർന്നു. ബാങ്കിംഗ് മേഖലയിൽ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ട നിർദേശങ്ങൾക്കും യോഗം രൂപം നൽകി. പൊതുമേഖലാ ബാങ്കുകളിലെ മേധാവിമാരും കൃഷി, ധനകാര്യ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.