തിരുവനന്തപുരം:ബജറ്റിലെ നികുതി നിര്‍ദേശങ്ങളിലെ പ്രതിഷേധത്തില്‍ മുങ്ങി നിയമസഭ. പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യസെഷൻ അവസാനിച്ചു. സഭ ഈ മാസം 27ന് വീണ്ടും ചേരും.
ആദ്യസെഷന്‍റെ അവസാനദിനമായി ഇന്ന് അതിശക്തമായ പ്രതിഷേധത്തിനാണ് സഭയുടെ അകവും പുറവും സാക്ഷ്യം വഹിച്ചത്. എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് കാല്‍നട പ്രതിഷേധവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്ലക്കാര്‍ഡുകളുമായി അംഗങ്ങള്‍ നടത്തുത്തളത്തിലിറങ്ങി. ചോദ്യോത്തര വേള പ്രതിപക്ഷം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യത്തോര വേള ഭാഗികമായി റദ്ദാക്കി.
ചോദ്യത്തോരവേള നിര്‍ത്തവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ മുന്നോട്ട് പോവുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ സഭാകീഴ്‌വഴക്കം ഓര്‍മിപ്പിച്ച് വീണ്ടും വിഡി സതീശൻ മുന്നോട്ട് വന്നതോടെ സ്പീക്കര്‍ എഎൻ ഷംസീര്‍ ചോദ്യോത്തരവേള റദ്ദാക്കുന്നതായി അറിയിച്ചു.
ഇതോടെ മറ്റ് നടപടിക്രമങ്ങളിലേക്ക് സഭ അതിവേഗം കടന്നു. ശ്രദ്ധക്ഷണിക്കലും, സബ്‌മിഷനുകളും മേശപ്പുറത്ത് വച്ചു. മറ്റ് റിപ്പോർട്ടുകളും ഉപധനാഭ്യർഥനകളും മന്ത്രിമാർ സഭയിൽ അവതരിപ്പിച്ചു. ധനാഭ്യാർഥനകളെല്ലാം ചർച്ചയില്ലാതെ പാസാക്കിയ ശേഷം സഭ പിരിഞ്ഞു. ഇന്ധനസെസ് അടക്കമുള്ള നികുതി നിർദേശങ്ങൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി ഇന്നലെ സഭയിൽ വ്യക്തമാക്കിയിരുന്നു.