തിരുവനന്തപുരം : പാര്‍ട്ടി അച്ചടക്കത്തിന്‍റെ വടിയോങ്ങി മെരുക്കി നിര്‍ത്താമെന്ന കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കളുടെ വ്യാമോഹം തകര്‍ത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുനീങ്ങുന്ന ശശി തരൂരിനെ എങ്ങനെ തളയ്ക്കുമെന്ന ചിന്തയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തരൂര്‍ പ്രഹരത്തില്‍ ശരിക്കും വിയര്‍ത്തുകുളിച്ചു നില്‍ക്കുന്നത്. സതീശന്‍റെ തട്ടകമായ കൊച്ചിയില്‍ അടുത്ത പര്യടനം നിശ്ചയിച്ചുകൊണ്ട് സതീശന് മറ്റൊരു ആഘാതം കൂടി ഏല്‍പ്പിക്കുകയാണ് തരൂര്‍.
കൊച്ചിയില്‍ സംസ്ഥാന പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് തരൂരിനെ സംഘാടകര്‍ ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 3ന് കോട്ടയത്ത് തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുമുണ്ട്. താന്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ശശി തരൂര്‍ മുന്നോട്ടുകുതിക്കുന്നത്.
തിരുവനന്തപുരം കോര്‍പറേഷനുമായി ബന്ധപ്പെട്ട കത്ത് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തരൂര്‍ ഇന്ന് സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്നും സമരം ഉപേക്ഷിച്ച് അദ്ദേഹം ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷിക്കുകയാണെന്നും വിമര്‍ശനം ഉയരുമ്പോഴാണ് നേതൃത്വത്തിന് തരൂരിന്‍റെ മറ്റൊരു ഷോക്ക്.
തരൂരിന്‍റെ ലക്ഷ്യം കെ സി വേണുഗോപാല്‍ :ഹൈക്കമാന്‍ഡില്‍ പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയിലുള്ള സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ കോണ്‍ഗ്രസില്‍ സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ശ്രമിക്കുന്നു എന്ന മുറുമുറുപ്പ് പൊതുവേ സംസ്ഥാന കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ നാളുകളായുണ്ട്. പാര്‍ലമെന്‍റില്‍ കഴിഞ്ഞ രണ്ടുതവണയായി തുടര്‍ച്ചയായി കോണ്‍ഗ്രസ് പ്രതിപക്ഷത്തായിട്ടും തരൂരിനെപ്പോലെ മികച്ച വ്യക്തിത്വവും കഴിവുമുള്ള ഒരാളെ പാര്‍ലമെന്‍ററി താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനുപിന്നില്‍ വേണുഗോപാലാണ് എന്നത് പരസ്യമായ രഹസ്യമാണ്. 2019ലെ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പ്രതിപക്ഷത്തായപ്പോള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ശശി തരൂരിനെ പ്രതീക്ഷിച്ചവര്‍ നിരവധിയായിരുന്നു.
പ്രത്യേകിച്ചും തരൂരിനെ പോലൊരു നേതാവിന്‍റെ നിരന്തര സാന്നിധ്യം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ആവശ്യമായ ഘട്ടത്തില്‍. അവിടെയും നറുക്കുവീണത് തികച്ചും അപ്രസക്തനായ അധീര്‍ രഞ്ജന്‍ ചൗധരിക്കായിരുന്നു. കേരളത്തിലാകട്ടെ കോണ്‍ഗ്രസിന്‍റെ നിര്‍ണായക വേദിയായ രാഷ്‌ട്രീയ കാര്യ സമിതിയില്‍ പോലും, അത്രയേറെ അനുഭവ സമ്പന്നനായ തരൂരിന് ഇടമില്ല.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇത്രയേറെ നിര്‍വികാരമാകുന്നത്, വേണ്ട സമയത്ത് വേണ്ട രീതിയില്‍ തീരുമാനങ്ങളെടുക്കാത്തതിനാലാണെന്നും ഇതിന്‍റെ പ്രധാന കാരണം കെ സി വേണുഗോപാലിന്‍റെ സംഘടനാ പാടവമില്ലായ്‌മയും ഹിന്ദി ഭൂമികയിലെ അറിവില്ലായ്‌മയുമാണെന്ന അഭിപ്രായവും നേരത്തെ ജി-23 നേതാക്കള്‍ക്കുണ്ടായിരുന്നു. ഈ സംഘത്തിലെ പ്രധാനിയായിരുന്നു തരൂര്‍.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍, അശോക് ഗെലോട്ട് താത്പര്യമില്ലെന്നറിയിച്ച് മാറിയപ്പോഴും തരൂരിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവിടെയും തഴയപ്പെട്ടു. പക്ഷേ 1072 വോട്ടുനേടി തരൂര്‍ തലയുയര്‍ത്തി നിന്നപ്പോള്‍ ഞെട്ടിപ്പോയത് സാക്ഷാല്‍ കെ സി വേണുഗോപാലായിരുന്നു. ഫലത്തില്‍ കേന്ദ്രത്തിലും കേരളത്തിലും തന്നെ ഇടം വലം കെ സി വേണുഗോപാല്‍ വെട്ടുന്നു എന്നുകണ്ടാണ് തരൂര്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയത്.
അതിനുപറ്റിയ സമയം ഇതിലും മികച്ചത് മറ്റൊന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ശശി തരൂര്‍ കളത്തിലിറങ്ങി. തരൂരിനെ തളയ്ക്കാന്‍ കെ സി വേണുഗോപാല്‍ സതീശനെ ഇറക്കിയെങ്കിലും അദ്യ റൗണ്ടില്‍ തന്നെ സതീശന്‍ ഗോദയില്‍ ഇടിയേറ്റു വീണു. തരൂരിനെ കുറച്ചുകാണേണ്ടിയിരുന്നില്ലെന്ന തിരിച്ചറിവ് വൈകിയാണ് സതീശനുണ്ടായത്. ഏതായാലും തരൂരിനെ അച്ചടക്കത്തിന്‍റെ മുനയില്‍ നിര്‍ത്താന്‍ നോക്കിയ സംഭവത്തില്‍ സതീശനുണ്ടായ ചേതം ചെറുതല്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.