തിരുവനന്തപുരം:തലേക്കുന്നില്‍ ബഷീറിന്‍റെ വിയോഗത്തോടുകൂടി കോണ്‍ഗ്രസിന് നഷ്‌ടമായത് നേതൃനിരയിലെ സൗമ്യമുഖം. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കന്യാകുളങ്ങര സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്‍റ് ലീഡറായി തുടങ്ങി, കേരള സര്‍വകലാശാലയിലെ ആദ്യ യൂണിയന്‍ ചെയര്‍മാനായും ബഷീര്‍ തിളങ്ങി.
കെ.എസ്.യു ജില്ല പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, കെ.പി.സി.സി ആക്‌ടിങ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 1977 ല്‍ 32-ാമത്തെ വയസില്‍ കഴക്കൂട്ടം നിയമസഭ മണ്ഡലത്തില്‍ നിന്ന് കന്നിയങ്കത്തില്‍ ജയം. അന്ന് മുഖ്യമന്ത്രിയായ കെ കരുണാകരന്‍ അധികാരമേറ്റ് ഒരു മാസത്തിന് ശേഷം രാജന്‍കേസില്‍ പ്രതികൂല വിധിയെ തുടര്‍ന്ന് രാജിവച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റായിരുന്ന എ.കെ.ആന്‍റണിയെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നേതാവായി തെരഞ്ഞെടുത്തു.
ആന്‍റണിയ്‌ക്ക് മത്സരിക്കാന്‍ സീറ്റൊഴിഞ്ഞ് നല്‍കി: മുഖ്യമന്ത്രിയായ എ.കെ ആന്‍റണിയ്‌ക്ക് മത്സരിക്കാന്‍ കഴക്കൂട്ടം മണ്ഡലം ഒഴിഞ്ഞുകൊടുക്കാനുള്ള വിശാല മനസ്‌കത ബഷീറിന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. തൊട്ടുപിന്നാലെ ബഷീറിനെ കോണ്‍ഗ്രസ് രാജ്യസഭയിലേക്കയച്ചു. രണ്ടു തവണ രാജ്യസഭാംഗമായി.
1984ല്‍ ചിറയിന്‍കീഴില്‍ നിന്ന് മത്സരിച്ച് ലോക്‌സഭാംഗമായി. 1989 ലും വിജയിച്ചെങ്കിലും 1991ല്‍ സുശീല ഗോപാലനോട് പരാജയപ്പെട്ടു. 1996 ലും ചിറയിന്‍കീഴില്‍ പരാജയപ്പെട്ടതോടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങി. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്‍റ് ആക്‌ടിങ് പ്രസിഡന്‍റുമായി.