കേരളം

kerala

ETV Bharat / state

'ബഷീര്‍ ഒരു നല്ല മനുഷ്യനായിരുന്നില്ല, വളരെ വളരെ നല്ല മനുഷ്യനായിരുന്നു'; പ്രഥമ തലേക്കുന്നിൽ പുരസ്‌കാരം സ്വീകരിച്ച് ടി പത്മനാഭൻ

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എംപി ശശി തരൂര്‍, യുഡിഎഫ് കൺവീനർ എം എം ഹസൻ തുടങ്ങിയ പ്രമുഖ നേതാക്കളും തലേക്കുന്നിൽ ബഷീറിനെ കുറിച്ച് സംസാരിച്ചു

പ്രഥമ തലേക്കുന്നിൽ പുരസ്കാരം ടി പത്മനാഭൻ തലേക്കുന്നിൽ ബഷീര്‍ അനുസ്‌മരണം ശശി തരൂര്‍ യുഡിഎഫ് കൺവീനർ എം എം ഹസൻ thalekkunnil basheer thalekkunnil basheer commemoration t padhmanabhan sashi tharoor
ടി പത്മനാഭൻ

By

Published : Mar 26, 2023, 10:04 AM IST

തിരുവനന്തപുരം: ധന്യമായ ജീവിതം നയിച്ച ഒരു മനുഷ്യന്‍റെ പേരിലുള്ള പുരസ്‌കാരം ആയതിനാലാണ് പ്രഥമ തലേക്കുന്നിൽ പുരസ്‌കാരം സ്വീകരിച്ചതെന്ന് പ്രശസ്‌ത എഴുത്തുകാരൻ ടി പത്മനാഭൻ. ബഷീർ ഒരു നല്ല മനുഷ്യനായിരുന്നില്ല, വളരെ വളരെ നല്ല മനുഷ്യനായിരുന്നു എന്നും അദ്ദേഹം അനുസ്‌മരിച്ചു. തലേക്കുന്നിൽ ബഷീറിന്‍റെ കർമ ഭൂമിയിൽ നിന്ന് സംസാരിക്കുമ്പോൾ അദ്ദേഹം രാഷ്‌ട്രീയക്കാരൻ മാത്രമായിരുന്നില്ല, നല്ലൊരു സഹൃദയനും ഒന്നാന്തരം എഴുത്തുകാരനും ആയിരുന്നുവെന്നും ടി പത്മനാഭൻ പറഞ്ഞു.

എല്ലാവരും ബഹുമാനിക്കുന്ന നല്ല വ്യക്തിയായിരുന്നു തലേക്കുന്നിൽ ബഷീർ എന്ന് ശശി തരൂർ എംപി പറഞ്ഞു. പല വിധത്തിലും കഴിവുണ്ടായിരുന്ന വ്യക്തി. അദ്ദേഹത്തിന്‍റെ ഓർമയ്ക്കായി തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്‍റര്‍ ആരംഭിച്ച്‌ അതിന്‍റെ പേരിൽ പുരസ്‌കാരം നൽകുന്നതും മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തലേക്കുന്നിൽ ബഷീർ ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, തലയെടുപ്പുള്ള തലക്കനമില്ലാത്ത നേതാവായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അഭിപ്രായപ്പെട്ടു.

സംസ്‌കാര സമ്പന്നനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദഹം. കെഎസ്‌യുവിലൂടെയാണ് ബഷീർ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അദ്ദേഹം അംഗമായിരുന്നു. മൂന്നു സഭകളിലും അംഗമാകുന്ന ചുരുക്കം ചില കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് തലേക്കുന്നിൽ ബഷീറെന്നും എം എം ഹസൻ കൂട്ടിച്ചേര്‍ത്തു.

തലേക്കുന്നില്‍ ബഷിര്‍ എന്ന പാര്‍ട്ടിയിലെ സൗമ്യമുഖം: തലേക്കുന്നില്‍ ബഷീറിന്‍റെ വിയോഗത്തോടുകൂടി കോണ്‍ഗ്രസിന് നഷ്‌ടമായത് നേതൃനിരയിലെ സൗമ്യമുഖമായിരുന്നു. 2022 മാർച്ച് 25ന് ആയിരുന്നു ബഷീറിന്‍റെ മരണം. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യു ജില്ല പ്രസിഡന്‍റ്, യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ആക്‌ടിങ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.

എന്നും പുസ്‌തകങ്ങളുടെ കളിത്തോഴനായിരുന്ന ബഷീര്‍ സംവാദ വേദികളിലെ കോണ്‍ഗ്രസിന്‍റെ തലപ്പൊക്കമായിരുന്നു. വെളിച്ചം കൂടുതല്‍ വെളിച്ചം, രാജീവ് ഗാന്ധി: സൂര്യതേജസിന്‍റെ ഓര്‍മയ്ക്ക്, കെ. ദാമോദരന്‍ മുതല്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വരെ, മണ്ടേലയുടെ നാട്ടില്‍-ഗാന്ധിയുടെയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1977ല്‍ കഴക്കൂട്ടം നിയമ സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച തലേക്കുന്നിൽ ബഷീർ എം എല്‍ എ ആയിരുന്നു. എന്നാല്‍ പിന്നീട് എകെ ആന്‍റണിക്ക് മുഖ്യമന്ത്രിയാകുന്നതിനായി അദ്ദേഹം ഈ സ്ഥാനം രാജി വച്ചിരുന്നു.

ഈ സംഭവം രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്ത ഒന്നായിരുന്നു. 1996ല്‍ ആയിരുന്നു അദ്ദേഹം അവസാനമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തലേക്കുന്നില്‍ ബഷിറിന്‍റെ ഓർമയ്ക്കായി പ്രവർത്തനം ആരംഭിച്ച തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്‍റര്‍ തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിലാകും പ്രവർത്തിക്കുക.

ഹൃദ്‌രോഗ ബാധിതനായി ഏറെ നാള്‍ ചികിത്സയില്‍ കഴിഞ്ഞ തലേക്കുന്നിൽ ബഷീർ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. 77-ാം വയസിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

Also Read:രാഹുൽ ഗാന്ധിയുടെ വായടച്ചതുകൊണ്ട് മതിയാകില്ല, ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശ നാളമുണ്ട് : ടി പത്മനാഭൻ

ABOUT THE AUTHOR

...view details