തിരുവനന്തപുരം: തലശ്ശേരി ഗവ. കോളേജിന്‍റെ പേര് ഇനി മുതൽ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഗവ. കോളേജ് (Kodiyeri Balakrishnan Memorial College) എന്നായി മാറും (Thalassery Govt College Renamed). നിയമസഭാ സ്‌പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ ഷംസീർ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു ഇതിനെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.
കോളേജിന്‍റെ ഉന്നമനത്തിന് പൊതു പ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വാർത്ത കുറിപ്പിലൂടെ പറഞ്ഞു.
ദീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ 2022 ഒക്ടോബർ 1 നായിരുന്നു അന്തരിച്ചത്. തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കോടിയേരി ബാലകൃഷ്‌ണൻ നിയമസഭയിൽ എത്തിയത്. കോടിയേരി ബാലകൃഷ്‌ണൻ തലശ്ശേരി മണ്ഡലത്തിൽ നിന്ന് 1982, 1987, 2001, 2006, 2011 വർഷങ്ങളില്‍ ജയിച്ചാണ് നിയമസഭയിലെത്തിയത്. 2006 ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരം-ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്‌തു.
വികലാംഗർ എന്ന പദം വേണ്ട; ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ:സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റ്‌ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടും.