തിരുവനന്തപുരം:സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയും ലോട്ടറി ടിക്കറ്റ് അച്ചടിയും പ്രതിസന്ധിയിലേക്ക്. ട്രഷറി നിയന്ത്രണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വരുത്തിയ കുടിശിക നല്‍കാത്തതിനാല്‍ പേപ്പര്‍ പോലും വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കുടിശിക അടിയന്തരമായി നല്‍കണമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അച്ചടി സ്ഥാപനമായ കെബിപിഎസ്(കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) എംഡി മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി. പണം ലഭിച്ചില്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക അച്ചടിയും ലോട്ടറി അച്ചടിയും നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് കത്തില്‍ പറയുന്നു.
പാഠപുസ്തക അച്ചടിയും ലോട്ടറി ടിക്കറ്റ് അച്ചടിയും പ്രതിസന്ധിയിലേക്ക് - പാഠപുസ്തക അച്ചടി
കുടിശിക അടിയന്തിരമായി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അച്ചടി സ്ഥാപനമായ കെബിപിഎസ്(കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) എംഡി മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി
പാഠപുസ്തകം അച്ചടിച്ച വകയില്‍ 148.38 കോടി രൂപ വിദ്യാഭ്യാസ വകുപ്പ് കെബിപിഎസിന് നല്‍കാനുണ്ട്. ലോട്ടറി അച്ചടിച്ച വകയില്‍ കിട്ടാനുള്ളത് 60.95 കോടി രൂപ. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കാനുള്ള കുടിശിക കൂടി ചേര്‍ത്താല്‍ ആകെ 225.71 കോടി രൂപയാകും. ടെലിഫോണ്‍ ബില്ലടയ്ക്കാന്‍ പണമില്ല, ജീവനക്കാരുടെ പിഎഫ് വിഹിതം അടയ്ക്കാന്‍ കഴിയുന്നില്ല തുടങ്ങിയ വിവരങ്ങളും എംഡി കെ.കാര്‍ത്തിക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. അടിയന്തരമായി കുടിശിക വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ എംഡി ആവശ്യപ്പെട്ടിട്ടുണ്ട്.