മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ തിരുവനന്തപുരം: കാടിറങ്ങി നാട്ടിലെത്തുന്ന വന്യമൃഗങ്ങളുടെ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേയ്‌ക്കുള്ള പദ്ധതിക്ക് രൂപം നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇതിനായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വനം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടി ഫലപ്രദമെന്ന് പറയാൻ കഴിയില്ല.
അത് മനസിലാക്കിയാണ് ശാസ്‌ത്രീയ നടപടിയിലേക്ക് നീങ്ങുന്നത്. വിശദമായ പഠനം ഇതിൻ്റെ ഭാഗമായി നടക്കും. സംസ്ഥാനത്തെ വനത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം വന്യ ജീവികൾ ഉണ്ടോ എന്ന് പഠനം നടത്തിയിട്ടില്ല. അത്തരം ഒരു റിപ്പോർട്ടും വനംവകുപ്പിന് ലഭിച്ചിട്ടില്ല.
മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഏറെ വർധിച്ചിട്ടുള്ള വയനാട്ടിൽ കടുവ സെൻസസ് നടപടി തുടങ്ങിയതായും മന്ത്രി നിയമസഭയെ അറിയിച്ചു. വന്യമൃഗങ്ങളുടെ നിയന്ത്രിത വേട്ട അനുവദിക്കാൻ കഴിയില്ല. നിലവിലെ നിയമങ്ങൾ ഇതിന് അനുവദിക്കുന്നില്ല. കേന്ദ്ര നിയമം ആവശ്യമായ മാറ്റം വരുത്തിയാൽ മാത്രമേ അത്തരം കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ സാറ്റലൈറ്റ് സർവേ നടത്തിയതിൽ ആശങ്ക വേണ്ട. സാറ്റലൈറ്റ് സർവേ സുപ്രീം കോടതി നിർദേശ പ്രകാരമാണ് നടത്തിയത്. ബഫർ സോൺ വിഷയം നിയമപരമായി തന്നെ നേരിടും. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.