തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ പേഴുമൂട് ശാസ്‌ത ക്ഷേത്രത്തിലെ പൂജാരിക്ക് ക്രൂര മർദനം. ക്ഷേത്ര പൂജാരി പത്മനാദനെയാണ് ഒരു സംഘം ക്രൂരമായി മർദിച്ചത്. പുലർച്ചെ 5.45ന് ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
കാട്ടാക്കടയിൽ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിക്ക് ക്രൂരമര്‍ദനം; പ്രതികൾ ഒളിവിൽ
പൂവച്ചല്‍ പേഴുമൂട് ശാസ്‌ത ക്ഷേത്രത്തിലെ പൂജാരി പത്മനാദനാണ് മർദനമേറ്റത്
ക്ഷേത്രത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന അക്രമി സംഘമാണ് പൂജാരിയെ മർദിച്ചത്. മര്‍ദനമേറ്റ പൂജാരിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘം ഓടിമറയുകയായിരുന്നു. മര്‍ദനമേറ്റ് അവശനായ പൂജാരിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
അക്രമിസംഘത്തിൽപെട്ട ശരത്, ശ്യാം എന്നീ യുവാക്കളെ പൂജാരി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുള്‍പ്പെടെ ആക്രമണത്തിൽ പങ്കെടുത്ത ആറ് പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. മര്‍ദനമേറ്റ പൂജാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.