തിരുവനന്തപുരം :ആത്മകഥയില്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ പരാമർശം തന്‍റെ ഔദ്യോഗിക ജീവിതത്തിൽ സംഭവിച്ച യഥാർഥ കാര്യമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ടിക്കാറാം മീണ. ആരെയും വേദനിപ്പിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യം പുസ്‌തകത്തിനില്ല. ഇതുമൂലം ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് എന്നോട് സംസാരിക്കാം.
അങ്ങോട്ട് സംസാരിക്കാനും താന്‍ സന്നദ്ധനാണ്. ഇക്കാര്യത്തിൽ തുറന്ന സമീപനമാണ് തന്‍റേതെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. 'തോൽക്കില്ല ഞാൻ' എന്ന ടിക്കാറാം മീണയുടെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മകഥയിൽ തനിക്കെതിരായ പരാമർശം ഉണ്ടെന്നും പ്രകാശന ചടങ്ങ് നടത്തരുതെന്നും ആവശ്യപ്പെട്ട് പി.ശശി കഴിഞ്ഞ ദിവസം വൈകിട്ട് ടിക്കാറാം മീണക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു. 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
'പുസ്‌തകത്തിലുള്ളത് യാഥാർഥ്യം': തന്നെ പോലെ ചുരുങ്ങിയ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ജീവിതത്തിന്‍റെ ഉന്നതിയിലെത്താന്‍ ശ്രമിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുസ്‌തകം എഴുതിയത്. തന്‍റെ ജീവിതാനുഭവങ്ങള്‍ പുസ്‌തകമാക്കണമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നതുകൊണ്ടാണ് പുസ്‌തക രചനയ്ക്ക് തയാറായത്. വിവാദം ഉണ്ടാക്കുകയല്ല തന്‍റെ ലക്ഷ്യമെന്നും ടിക്കാറാം മീണ പറഞ്ഞു.
സർവീസിലിരുന്ന കാലത്ത് ഉണ്ടായ മോശം അനുഭവങ്ങളും നല്ല അനുഭവങ്ങളും പുസ്‌തകത്തിലുണ്ടാവുക സ്വാഭാവികമാണ്. ആരെയും ലക്ഷ്യംവച്ചുകൊണ്ട് എഴുതിയ പുസ്‌തകമല്ല. ആരുടെയും പേര് പരാമർശിച്ചിട്ടുമില്ല. എല്ലാം ജീവിതാനുഭവങ്ങളാണ്. അതിനപ്പുറം മറ്റൊരഭിപ്രായവും പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.