തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഇ-പോസ്‌റ്റ് മെഷീനിലെ പ്രശ്‌നങ്ങളും ഇന്‍റര്‍നെറ്റ് ലഭ്യതയുമാണ് പലപ്പോഴും വിതരണത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ യോഗം: പ്രശ്‌നപരിഹാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് വിശദമായ യോഗം മന്ത്രി വിളിച്ചിരുന്നു. ഇ-പോസ്‌റ്റ് മെഷീന്‍റെയടക്കമുള്ള സാങ്കേതിക സഹായം നല്‍കുന്ന എന്‍.ഐ.സി ഹൈദരാബാദ്, കേരള സ്‌റ്റേറ്റ് ഐടി മിഷന്‍, കെല്‍ട്രോണ്‍, സിഡാക്ക്, ബിഎസ്‌എന്‍എല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. സാങ്കേതിക പ്രശ്‌നങ്ങള്‍ യോഗം വിശദമായി പരിശോധിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ ബിഎസ്‌എന്‍എല്‍ ഇന്‍ര്‍നെറ്റ് ബാന്‍റ് വിഡ്ത്ത് വര്‍ധിപ്പിക്കും. നിലവില്‍ 20 എം.ബി.പി.എസാണ് ബിഎസ്‌എന്‍എല്‍ നല്‍കുന്ന ബാന്‍റ് വിഡ്ത്ത്. ഇത് ആദ്യ ഘട്ടത്തില്‍ 60 എം.ബി.പി.എസായും മാര്‍ച്ച് 20ന് മുമ്പ് 100 എം.ബി.പി.എസായും ഉയര്‍ത്തുമെന്നും ഇതിലൂടെ തന്നെ പ്രശ്‌നങ്ങളില്‍ ഏറെക്കുറെ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍വിതരണത്തിന് ഉപയോഗിക്കുന്നത് എന്‍ഐസി ഹൈദരാബാദ് നല്‍കുന്ന ഏറ്റവും പഴയ സോഫ്‌റ്റ്‌വെയറാണ്. ഇത് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യും. ഇന്ത്യയില്‍ തന്നെ ഏറ്റവും പഴയ സോഫ്‌റ്റ്‌വെയറാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്.
ഇ-പോസ്‌റ്റ് മെഷീന്‍ പ്രശ്‌നപരിഹാര ക്യാമ്പ്:ഏപ്രില്‍ ഒന്നിന് മുമ്പ് തന്നെ ഇത് നടപ്പിലാക്കും. റേഷന്‍കടകളിലിരിക്കുന്ന പ്രദേശത്തെ മൊബൈല്‍ കവറേജ് നോക്കി ഇപോസ്‌റ്റ് മെഷീനിലെ സിംകാര്‍ഡ് തീരുമാനിക്കും. ഇ-പോസ്‌റ്റ് മെഷീനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കും.