.
വിഷുദിനത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ പട്ടിണി സമരവുമായി അധ്യാപകർ
നിയമനാംഗീകാരം ലഭിക്കാതായതോടെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാണ് പട്ടിണി സമരവുമായി സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്.
തിരുവനന്തപുരം : വിഷുദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടിണി സമരവുമായി എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ. നിയമനാംഗീകാരം ലഭിക്കാതായതോടെ ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് സമരവുമായി അധ്യാപകർ രംഗത്തെത്തിയിരിക്കുന്നത്.
അധിക തസ്തികകളിലും ലീവ് വേക്കൻസിയിലും 2016 മുതൽ ജോലിചെയ്യുന്ന 2500ഓളം അധ്യാപകരാണ് മൂന്നുവർഷമായി ശമ്പളമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത് . 2016 ഡിസംബറിൽ ഉണ്ടായ കെ ഇ ആർ ഭേദഗതിയെ തുടർന്ന് പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് പട്ടിണി സമരവുമായി അധ്യാപകർ രംഗത്തെത്തിയിരിക്കുന്നത്.
റിട്ടയർമെൻറ്, രാജി തുടങ്ങിയ തസ്തികകളിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് രണ്ടാഴ്ച മുൻപ് നിയമന അംഗീകാരം നൽകിയിട്ടും അധിക തസ്തിക്കാരെ ഒഴിവാക്കിയതായി ഇവർ പറയുന്നു. എങ്കിലും സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇവർ.