തിരുവനന്തപുരം: ഖാദർ കമ്മറ്റി ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ ഒരു വിഭാഗം അധ്യാപകർ സമരത്തിലേക്ക്. ഖാദർ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേർത്ത യോഗം കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ ബഹിഷ്കരിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം 28ന് വീണ്ടും യോഗം ചേരും.
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മിറ്റി. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് കമ്മിറ്റിയുടെ ശ്രമം. എന്നാൽ ചർച്ചക്ക് ശേഷമേ തീരുമാനം എടുക്കൂ എന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഈ അധ്യയനവർഷം ഖാദർ കമ്മിറ്റിയുടെ മൂന്ന് ശുപാർശകൾ നടപ്പാക്കാനാണ് നീക്കം. ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും ഉള്ള സ്കൂളിലെ സ്ഥാപന മേധാവി ചുമതല പ്രിൻസിപ്പലിന് നൽകും. പൊതുവിദ്യാഭ്യാസവകുപ്പ്, ഹയർസെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കണ്ടറി ഡയറക്ടറേറ്റും ലയിപ്പിക്കും, ഒരു ഡയറക്ടറുടെ കീഴിലാക്കും. മൂന്ന് പരീക്ഷാ ബോർഡുകളും ഏകീകരിക്കും എന്നിങ്ങനെയാണ് കമ്മിറ്റിയുടെ ശുപാർശകൾ. പക്ഷെ ഒന്നും അനുവദിക്കില്ലെന്ന നിലപാടിലാണ് അധ്യാപക സംഘടനകൾ.