തിരുവനന്തപുരം: ജോലിയുടെ ഇടവേളയില്‍ ചായയും കടിയും (Tea and Snacks) പതിവാക്കിയവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഈ പതിവ് വലിയ രീതിയില്‍ അപകടകരമാകുന്നുവെന്ന പഠന റിപ്പോര്‍ട്ടാണ് ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ (Sree Chitra Tirunal Institute for Medical Sciences and Technology) നിന്ന് വരുന്നത്. പ്രധാനമായും പ്രമേഹം (Diabetics) എന്ന ജീവിതശൈലി രോഗമാണ് ഈ സ്ഥിരമായ ചായ കൂടിയിലൂടെയുണ്ടാവുക. എന്നാല്‍ ചായയോടൊപ്പം ചെറുകടി കൂടി പതിവാക്കിയാല്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ഉണ്ടാകാനിടയുണ്ട്. കൊളസ്‌ട്രോള്‍ ഉള്‍പ്പെടെ പിന്നാലെയുമെത്തും.
ചായ അപകടകാരിയാകുന്നത് ഇങ്ങനെ:ടെന്‍ഷന്‍ ഏറിയ ജോലിയ്ക്കിടയിലെ ഇടവേളയില്‍ ഒരു ചെറിയ ചായയും സൗഹൃദ സംഭാഷണവും വലിയ ആശ്വാസം നല്‍കുന്നതാണ്. ഇത് ഒരു പതിവായി മാറുന്നതും ഇത് കൊണ്ടുതന്നെയാണ്. എന്നാല്‍ ഈ പതിവ് വലിയ അപകടത്തിലേക്ക് നമ്മളെ എത്തിക്കുകയാണ്.
കേരളം (Kerala), തമിഴ്‌നാട് (Tamilnadu), ചത്തീസ്‌ഗഡ് (Chhattisgarh), ഒഡിഷ (Odisha) തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫിസുകള്‍, നിര്‍മാണം നടക്കുന്നയിടങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരിലാണ് പഠനം നടത്തിയത്. സ്‌റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ മൂന്ന് പ്ലാന്‍റുകള്‍, ചെന്നൈ ഓട്ടോമൊബൈല്‍സ് ഇന്ത്യ, എയര്‍ ഇന്ത്യ, എച്ച്എല്‍എല്‍ എന്നിങ്ങനെ 11 മേഖലകളിലായാണ് പഠനം നടത്തിയത്.
ആദ്യഘട്ടത്തില്‍ 6200 പേരെ തെരഞ്ഞടുത്തു. ഇവരില്‍ നിന്നും പ്രീ ഡയബറ്റിക് സ്‌റ്റേജിലുള്ള 2100 പേരെ കണ്ടെത്തി. ഇവരില്‍ പരിശോധന നടത്തുകയും ഇവരുടെ ജീവിതരീതികള്‍ കണ്ടെത്തുകയും ചെയ്‌തു. ഇത്തരത്തില്‍ പ്രീ ഡയബറ്റിക് സ്‌റ്റേജിലുളളലവരെല്ലാം പതിവായി ഒന്നിലധികം ചായ കുടിക്കുന്നവരായിരുന്നു. ഇവരെ 15 ഗ്രൂപ്പുകളായി തിരിച്ച് ജീവിതരീതിയില്‍ ചെറിയമാറ്റം വരുത്തി പഠനം നടത്തി. ആരേയും നിര്‍ബന്ധിക്കാതെ എല്ലാവര്‍ക്കും ഉള്‍ക്കൊളളുന്ന രീതിയിലായിരുന്നു പഠനം.