തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് നൽകുന്നതിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ ചീഫ് ഓഫിസിൽ നടക്കുന്ന ഉപരോധ സമരം തുടരുമെന്ന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്. ചീഫ് ഓഫിസിന് മുന്നിൽ നടക്കുന്ന ഉപരോധ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎ പറഞ്ഞു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ എംഡിയുടെ ഓഫിസ് പ്രവർത്തിച്ചിട്ട് കാര്യമില്ലെന്നും സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംയുക്ത സമര സമിതിയുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച ധാരണയാകാത്ത സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ രണ്ടാം ഗഡു ശമ്പളം നൽകാൻ സാധിക്കു എന്നാണ് യോഗത്തിൽ ഉടനീളം ഗതാഗത മന്ത്രി പറഞ്ഞത്. തമിഴ്‌നാട്ടിൽ 9000 കോടിയാണ് സർക്കാർ സഹായം നൽകുന്നത്. കേരളത്തിൽ അതൊന്നും ലഭിക്കുന്നില്ലെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.