തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ തൊഴിലാളികളുടെ താല്‍പര്യങ്ങൾ ഹനിച്ചുകൊണ്ടാണ് മാനേജ്‌മെന്‍റ് മുന്നോട്ടു പോകുന്നതെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ്. ടിഡിഎഫ് ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഒക്‌ടോബർ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്നും ജനറൽ സെക്രട്ടറി വി എസ് ശിവകുമാർ പറഞ്ഞു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, ശമ്പള പരിഷ്‌കരണ കരാർ പൂർണമായും നടപ്പിലാക്കുക, മെക്കാനിക്കൽ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക, ഓണ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
12 മണിക്കൂർ ഡ്യൂട്ടി അപ്രായോഗികമാണ്. തൊഴിലാളി വിരുദ്ധ നടപടി ആണ്. 8 മണിക്കൂർ ജോലി 8 മണിക്കൂർ വിശ്രമം എന്ന് പറഞ്ഞു സമരം ചെയ്‌ത ഭരണപക്ഷമാണ് 12 മണിക്കൂർ ഡ്യൂട്ടി എന്ന നിലപാട് സ്വീകരിക്കുന്നത്. ഇക്കാര്യം മന്ത്രിയും മാനേജ്‍മെന്‍റും വ്യക്തമായി പരിഹരിക്കണം.