കേരളം

kerala

ETV Bharat / state

താനൂര്‍ ബോട്ട് അപകടം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി - boat accident

താനൂര്‍ ബോട്ട് അപകടം അന്വേഷണത്തിന് പ്രത്യേക സംഘം. അന്വേഷണ സംഘത്തിന്‍റെ തലവനായി മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ്.

താനൂര്‍ ബോട്ട് അപകടം  താനൂര്‍ അപകടം  ബോട്ട് അപകടം  താനൂര്‍ തൂവൽത്തീരം ബോട്ട് അപകടം  താനൂര്‍ ബോട്ട് അപകടം അന്വേഷണസംഘം  മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ്  tanur boat accident  special investigation team  special team for investigating tanur boat accident  tanur  tanur thoovaltheeram boat accident  boat accident  malappuram boat accident
താനൂര്‍ ബോട്ട് അപകടം

By

Published : May 9, 2023, 12:05 PM IST

Updated : May 9, 2023, 1:23 PM IST

അന്വേഷണ ഉദ്യോഗസ്ഥന്‍റെ പ്രതികരണം

തിരുവനന്തപുരം : മലപ്പുറം താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഡിജിപി അനില്‍ കാന്ത്. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ് എസ് ആണ് അന്വേഷണ സംഘത്തിന്‍റെ തലവന്‍. താനൂര്‍ ഡിവൈഎസ്‌പി വി വി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

കൊണ്ടോട്ടി എ എസ്‌ പി വിജയ ഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജീവന്‍ ജോര്‍ജ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ഉത്തരമേഖല ഐ ജി നീരജ് കുമാര്‍ ഗുപ്‌തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കഴിഞ്ഞ ദിവസം തന്നെ അന്വേഷണ സംഘത്തിന്‍റെ കാര്യം തീരുമാനിച്ചിരുന്നു.

ഇന്നാണ് അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങിയത്. ബോട്ടപകടത്തിന്‍റെ കാരണം, നിയമ ലംഘനങ്ങള്‍ എന്നിവയാണ് പ്രത്യേകസംഘം പരിശോധിക്കുക. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

22 പേരാണ് ബോട്ടപകടത്തില്‍ മരിച്ചത്. പരപ്പനങ്ങാടി താനൂര്‍ നഗരസഭ അതിര്‍ത്തിയില്‍ പൂരപ്പുഴയുടെ ഒട്ടുംപുറം തൂവല്‍ തീരത്താണ് അപകടമുണ്ടായത്. പൂരപ്പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്താണ് ബോട്ട് മറിഞ്ഞത്. എട്ട് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

അഞ്ച് പേര്‍ മാത്രമാണ് ബോട്ടില്‍ നിന്ന് നീന്തി രക്ഷപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നിയമപരമായ രേഖകളില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നത്. അതുപോലെ ബോട്ടിന്‍റെ നിര്‍മാണത്തിലടക്കം വീഴ്‌ച ഉണ്ടായി. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോട്ടുടമ നാസറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

സ്വമേധയാ കേസെടുത്ത് ഹൈക്കോടതി : താനൂർ ബോട്ട് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കൂടാതെ, നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ബോട്ട് ഓപറേറ്റർ മാത്രമല്ല ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവം കേരളത്തിൽ ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവരും എല്ലാം മറക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം സമാന സംഭവം ആവർത്തിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

നിയമ ലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്‌ച കണ്ടില്ലായെന്ന് നടിക്കാനാകില്ലെന്നും കോടതി കർശന നിലപാട് എടുത്തു. താനൂർ അപകടത്തില്‍ പോർട്ട് ഓഫിസർ അടക്കമുള്ളവരുടെ മൊഴിയെടുക്കണമെന്നും കോടതി പറഞ്ഞു. അപകടത്തില്‍ ചീഫ് സെക്രട്ടറിയെ കക്ഷിയാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പ്രദേശവാസികൾക്ക് ഹൈക്കോടതി അഭിനന്ദനം അറിയിച്ചു. ഇതാണ് കേരളത്തിന്‍റെ യഥാർഥ സ്‌പിരിറ്റെന്നും കോടതി പരാമർശിച്ചു. അപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്‌ടർക്ക് കോടതി നിർദേശം നല്‍കി. ഈ മാസം 12 ലേക്ക് കേസ് പരിഗണിക്കാനായി മാറ്റി.

Also read :'ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുന്നു', താനൂർ ബോട്ട് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Last Updated : May 9, 2023, 1:23 PM IST

ABOUT THE AUTHOR

...view details