തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ മിഷൻ 676 ജലസുരക്ഷ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 3,150 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ നീന്തൽ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്ഇആർടി ഡയറക്‌ടർക്കും ശുപാർശ നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വർധിച്ചു വരുന്ന ജലാശയ അപകടങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വിവിധ പദ്ധതികളിലൂടെ ഊർജിതമായ നടപടി സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി - നീന്തൽ പരിശീലനം
സംസ്ഥാനത്ത് വർധിച്ചു വരുന്ന ജലാശയ അപകടങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വിവിധ പദ്ധതികളിലൂടെ ഊർജിതമായ നടപടി സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്‌കൂബ ഡൈവിംഗിൽ പ്രത്യേക പരിശീലനം നൽകി ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് 14 ജില്ലകളിലും പ്രത്യേക ടീമുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ജലാശയ അപകടങ്ങളിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കി രക്ഷാപ്രവർത്തനം നടത്തുന്നതിന് വിവിധ മേഖലകളിലുള്ള സിവിൽ ഡിഫൻസ് വോളന്‍റിയർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സി. ദിവാകരൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് മുഖ്യമന്ത്രിയുടെ മറുപടി.