തിരുവനന്തപുരം: മെയ് 20ന് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക അഞ്ഞൂറ് പേര്‍. ചടങ്ങ് കൊവിഡ് സാഹചര്യം പരിഗണിച്ച് ചുരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചരിത്രം കുറിച്ച ഭരണത്തുടർച്ച ആഘോഷപൂര്‍വ്വം നടത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ മനസിലാണ് ആഘോഷം നടക്കുക. സത്യപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ചത് ജനങ്ങളെക്കൂടി ഉള്‍പ്പെടുത്താനാണ്. എന്നാല്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളതിനാല്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഴിവാക്കാനവാത്തവരെ മാത്രമാണ് ചടങ്ങില്‍ ക്ഷണിക്കുക. ഗവര്‍ണര്‍, മുഖ്യമന്ത്രി, 21 മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി, പാര്‍ട്ടി പ്രതിനിധികള്‍, ന്യായാധിപന്‍മാര്‍, രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ഭരണഘടനാ പദവി വഹിക്കുന്നവര്‍, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികള്‍, മാധ്യമങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് 500 എന്ന കണക്കിലെത്തിയത്. അമ്പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 500 എന്നത് വലിയ സംഖ്യയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.