തിരുവനന്തപുരം : എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു. സ്വപ്‌ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ടാം പ്രതിയും മുൻ എയർ ഇന്ത്യ സാറ്റ്സ് എച്ച്.ആർ മാനേജരുമായിരുന്ന സ്വപ്‌ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.
Also Read: വോട്ടര്‍മാര്‍ 'അബദ്ധം' കാണിക്കരുത് യുപി കേരളമാകും, വിവാദ പ്രസ്‌താവനയുമായി യോഗി ആദിത്യനാഥ്
ദീപക് ആന്‍റോ, ഷീബ, നീതു മോഹൻ, ഉമ മഹേശ്വരി സുധാകർ, സത്യ സുബ്രഹ്മണ്യം, ആർ.എം.എസ് രാജൻ, ലീന ബിനീഷ്, അഡ്വ.ശ്രീജ ശശിധരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്നാണ് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്.
സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം നൽകിയത്. വലിയതുറ പൊലീസ് ആദ്യം എഴുതി തള്ളിയ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.