തിരുവനന്തപുരം:ഐടി വകുപ്പിലെ ജോലിക്കായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ പഞ്ചാബ് സ്വദേശി പിടിയിൽ. സച്ചിൻ ദാസ് എന്നയാളാണ് അമൃത്‌സറിൽ നിന്നും കന്‍റോൺമെന്‍റ് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും പൊലീസ് കണ്ടെടുത്തു.
സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ വ്യക്തി പിടിയിൽ ഇയാളെ വ്യാഴാഴ്‌ച(25.08.2022) തിരുവനന്തപുരത്ത് എത്തിക്കും. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് മുംബൈ ബാബ സാഹിബ് അംബേദ്‌കർ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് സച്ചിൻ ദാസ് സ്വപ്‌നയ്‌ക്ക് 2014ൽ നിർമിച്ചു നൽകിയത്. പിന്നീട് ഈ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്‌ന ജോലി നേടുകയായിരുന്നു.
വ്യാജ സർട്ടിഫിക്കറ്റിനായി സ്വപ്‌ന പലരേയും സമീപിച്ചിരുന്നു. ചെങ്ങന്നൂരിലെ ഒരു സുഹൃത്ത് വഴി സച്ചിൻ ദാസുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് തരപ്പെടുത്തുകയായിരുന്നു. അമൃത്‌സർ കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ്.
ചില സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുന്നതായി കാണിച്ച് മുൻപ് ഇയാൾ പത്ര പരസ്യം നൽകിയിരുന്നു. വ്യാജസർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌നയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. ഇതോടെ കേസില്‍ രണ്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്
Also read: ഗൂഢാലോചന കലാപാഹ്വാനക്കേസുകൾ റദ്ദാക്കില്ല, സ്വപ്‌ന സുരേഷിന്‍റെ ഹർജികൾ തള്ളി ഹൈക്കോടതി