തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും തിരുവനന്തപുരത്തെത്തിച്ച് എന്‍ഐഎ സംഘത്തിന്‍റെ മാരത്തണ്‍ തെളിവെടുപ്പ്. നാടകീയമായാണ് സംഘം ഇന്ന് പ്രതികളുമായി തലസ്ഥാനത്തെത്തിയത്. അതേസമയം കൊച്ചിയിലെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായുമാണ് എന്‍ഐഎ സംഘം പ്രതികളുമായി തലസ്ഥാനത്തെത്തിയത്.
സ്വപ്‌നയേയും സന്ദീപിനേയും തിരുവനന്തപുരത്തെത്തിച്ച് എന്‍ഐഎയുടെ മാരത്തണ്‍ തെളിവെടുപ്പ് പല തവണ തലസ്ഥാനത്തെ മാധ്യമ സംഘത്തിന്‍റെ ശ്രദ്ധ തിരിക്കാനും എന്‍ഐഎ സംഘം ശ്രമിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഗൂഡാലോചന നടത്തിയ സെക്രട്ടേറിയറ്റിനു സമീപത്തെ കെഎല്‍എ കാള്‍സണ്‍ ഹെതര്‍ ടവറിലെത്തിച്ചായിരുന്നു ആദ്യ പരിശോധന. ആദ്യം സന്ദീപിനെയാണ് ഫ്‌ളാറ്റിലെത്തിച്ചത്. അല്‌പ സമയത്തിന് ശേഷം സ്വപ്‌നയേയും ഇവിടെയെത്തിച്ചു.
തുടര്‍ന്ന് എന്‍ഐഎ സംഘം സന്ദീപുമായി ആല്‍ത്തറ ജംഗ്ഷനിലേക്ക് പോയി. സന്ദീപിനെ വാഹനത്തിലിരുത്തിയ അന്വേഷണ സംഘം അവിടെ സ്വപ്‌ന വാടകയ്കക്ക് താമസിച്ചിരുന്ന വീട്ടില്‍ കയറിയും പരിശോധിച്ചു. തുടര്‍ന്ന് വാഹനം മരുതംകുഴി പടയണിയിലെ സ്വപ്‌നയും ശിവശങ്കറും സ്ഥിരമായി കൂടിക്കാഴ്ച നടത്തിയിരുന്ന വീട്ടിലേക്ക് പോയി. എന്നാൽ വീട് പൂട്ടിയ നിലയിലായിരുന്നതിനാല്‍ അന്വേഷണ സംഘം സന്ദീപിനെ വാഹനത്തിൽ നിന്നും പുറത്തിറക്കിയില്ല. 25 ദിവസം മുന്‍പാണ് സ്വപ്നയും ശിവശങ്കറും വീട് ഉപേക്ഷിച്ച് പോയത്.
തുടര്‍ന്ന് കേശവദാസപുരത്തേക്ക് തിരച്ച അന്വേഷണ സംഘം രണ്ടായി പിരിഞ്ഞു. ഒരു വാഹനം സന്ദീപുമായി അരുവിക്കരയിലെ വീട്ടിലേക്കു പോയി. മറ്റൊരു വാഹനം വീണ്ടും സ്വപ്‌നയുമായി സെക്രട്ടേറിയറ്റിനു സമീപത്തെ ഹെതര്‍ ടവറിലെത്തി. അവിടെ നിന്ന് അമ്പലംമുക്കിലെ സ്വപ്‌നയുടെ ഫ്‌ളാറ്റിലെത്തി സംഘം 20 മിനിട്ടോളം തെളിവെടുത്തു.
പിന്നീട് അന്വേഷണ സംഘം എസ്എപി ക്യാമ്പിനു സമീപമുള്ള പൊലീസ് ക്ലബിലേക്ക് പോയി. ഇവിടെ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം സന്ദീപിനെയും കൊണ്ട് കുറവന്‍ കോണത്തെ ഡിജിറ്റല്‍ സ്റ്റുഡിയോയിലെത്തി. ഇവിടെ വച്ചുള്ള പരിശോധനയില്‍ കസ്റ്റംസ് സംഘവും ഒപ്പമുണ്ടായിരുന്നു. സന്ദീപിന്‍റെ സ്റ്റുഡിയോയിൽ വെച്ചാണ് യുഎഇ കോണ്‍സുലേറ്റിന്‍റെ വ്യാജ സീല്‍, കസ്റ്റംസിന്‍റെ വ്യാജ ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് എന്നിവ നിര്‍മിച്ചത്. പരിശോധനക്ക് ശേഷം ഇരുവരെയും വീണ്ടും പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്ത. ശേഷം ഇവരെ വര്‍ക്കലയിലേക്കു കൊണ്ടു പോയി. തെളിവെടുപ്പില്‍ നിര്‍ണായ വിവരങ്ങള്‍ സംഘത്തിനു ലഭിച്ചുവെന്നാണ് സൂചന. അവസാനം ലഭിച്ച വിവരം അനുസരിച്ച് സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും തിരുവനന്തപുരത്തെ തെളിവെടുപ്പ് പൂർത്തിയാക്കി എൻഐഎ സംഘം കൊച്ചിയിലേക്ക് തിരികെ കൊണ്ടുപോയി.