തിരുവനന്തപുരം :സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈംബ്രാഞ്ച്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്‌പിമാര്‍ക്കെതിരെയും വിളപ്പില്‍ ശാല, പൂജപ്പുര പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കൃത്യമായി ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകള്‍ കാണാതാകുന്ന സാഹചര്യവും ഉണ്ടായെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ രേഖകള്‍ വീണ്ടെടുക്കാൻ നടത്തിയ അന്വേഷണമാണ് പ്രതികളില്‍ എത്തുന്നതില്‍ കാലതാമസമുണ്ടാക്കിയത്. കൂടാതെ ചില പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെ ഫോണ്‍ വിശദാംശങ്ങള്‍ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്‍റെ മരണത്തിലെ ദുരൂഹത വിളപ്പില്‍ശാല പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്രൈംബ്രാഞ്ച് എസ് പി സുനില്‍, ക്രൈംബ്രാഞ്ച് മേധാവി, ഡിജിപി എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ശന നടപടി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
2018 ഒക്ടോബർ 27 നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ റീത്ത് വച്ചത് രണ്ടാം പ്രതിയായ കൃഷ്‌ണകുമാര്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി പ്രകാശ് 2022 ജനുവരിയിൽ ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാകുന്നത്.