തിരുവനന്തപുരം : പാറശാലയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കഞ്ചാവ് മാഫിയ സംഘത്തിലെ രണ്ട് പേർകൂടി പൊലീസ് പിടിയിൽ. പരശുവയ്ക്കൽ സ്വദേശികളായ അനീഷ്, അബിൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ആറു മാസം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ എറണാകുളം സ്വദേശിനിയായ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ഒന്നാം പ്രതിയായ മിഥുനെ പാറശാല പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
പരശുവയ്ക്കൽ സ്വദേശിയായ അജികുമാറിനെയാണ് മൂന്നാംഗ സംഘം ആക്രമിച്ചത്. ചെവിയ്ക്ക് വെട്ടേറ്റ അജിയെയും മർദനത്തിനിരയായ ഭാര്യയെയും ഒൻപത് വയസുള്ള മകളെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. മറ്റു രണ്ടു പ്രതികളായ അനീഷ്, അബിൻ എന്നിവർ ബെംഗളൂരുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. തുടർന്നാണ് കഴിഞ്ഞ ദിവസം അബിന്‍റെ പെൺസുഹൃത്തിനെ കാണാനായി ഇരുവരും എറണാകുളത്ത് എത്തിയത്.
അജിയെ ആക്രമിച്ച യുവാക്കളും മറ്റുചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരി വിൽപന നടത്തുന്നതും പതിവായിരുന്നു. അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവച്ചും ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യത്തിലാണ് മൂന്നംഗ സംഘം വീട്ടിനുള്ളിൽ കയറി അജികുമാറിനെയും കുടുംബത്തെയും മർദിച്ചത്.