തിരുവനന്തപുരം : തലസ്ഥാന നഗരിയെ കണ്ണഞ്ചിപ്പിച്ച്, കരുത്തുകാട്ടി ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമിന്‍റെ വ്യോമാഭ്യാസ പ്രകടനം. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച വ്യോമാഭ്യാസ പ്രകടനം കാണാൻ വൻ ജനക്കൂട്ടമാണ് ശംഖുമുഖം കടപ്പുറത്തിന് സമീപം തടിച്ചുകൂടിയത്. രാവിലെ 9.10ഓടെ ആരംഭിച്ച പ്രകടനം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു.
തെളിഞ്ഞ നീലാകാശത്തിലൂടെ വട്ടമിട്ട് പറന്നും പരസ്‌പരം എതിർ വശത്ത് നിന്ന് ശരവേഗത്തിൽ കുതിച്ചും ഹൃദയചിഹ്നം കോറിയിട്ടും കാണികളെ അമ്പരപ്പിച്ചു സൂര്യകിരൺ സംഘം. സംസ്ഥാന സർക്കാരിന്‍റെയും ഇന്ത്യൻ വ്യോമസേനയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്.
വിസ്‌മയിപ്പിച്ച് സൂര്യകിരണ്‍ : ഹോക് വിഭാഗത്തിൽപ്പെട്ട ഒൻപത് വിമാനങ്ങൾ അടങ്ങുന്ന സംഘമാണ് സൂര്യകിരൺ ബാച്ചിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിലെ പൈലറ്റുകൾക്ക് പരിശീലനം നൽകുന്ന സൂര്യകിരൺ വിഭാഗം ഏഷ്യയിലെ ഏറ്റവും മികച്ച വ്യോമാഭ്യാസ സംഘമാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇന്ത്യയിൽ നിർമ്മിക്കുന്ന ലൈസൻസ് BAe (ബ്രിട്ടീഷ് എയ്റോസ്പേസ്) രൂപകൽപ്പന ചെയ്‌ത ഒൻപത് ഹോക്ക് എംകെ 132 വിമാനങ്ങളാണ് സൂര്യകിരൺ ടീം പറത്തിയത്.
പരിപാടിയുടെ സുരക്ഷയ്ക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സി-427, സി-441 എന്നീ രണ്ട് കപ്പലുകൾ കടലിൽ വിന്യസിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ ജിഎസ് ധില്ലന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യോമാഭ്യാസ പ്രകടനം നടത്തിയത്. എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിയായ അലൻ ജോർജ് എന്ന മലയാളി പൈലറ്റും സൂര്യകിരൺ സംഘത്തിലുണ്ടായിരുന്നു.