കേരളം

kerala

ETV Bharat / state

'വിമാനങ്ങളിലെ അധിക നിരക്ക് കാരണം യാത്ര തന്നെ മാറ്റിവയ്ക്കു‌ന്നു' ; ഇടപെടലാവശ്യപ്പെട്ട് വ്യോമയാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് നിരക്ക് വർധനയെന്നും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി

surcharge on flight  flight  surcharge  cm  letter to aviation minister  pinarayi vijayan  onam season  flight booking  വിമാനത്തിലെ അധിക നിരക്ക്  വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി  ജ്യോതിരാദിത്യ സിന്ധ്യ  ഓണം സീസണിൽ  ഗൾഫ് മേഖല  കുറഞ്ഞ നിരക്കില്‍ വിമാനയാത്ര  തിരുവനന്തപുരം
'വിമാനത്തിലെ അധിക നിരക്ക് കാരണം യാത്ര തന്നെ മാറ്റിവെക്കുന്നു'; വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

By

Published : Jul 5, 2023, 8:52 PM IST

തിരുവനന്തപുരം :കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നതിൽ കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി. ഓണം സീസണിൽ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ നിരക്ക് വർധനയെന്നും അതിനാൽ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അന്ത്യമില്ലാത്ത പ്രതിസന്ധി: കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കു‌ന്ന സാഹചര്യം വന്നിരിക്കുന്നു. ആവശ്യമെങ്കിൽ ഓഗസ്‌റ്റ് 15 മുതൽ സെപ്‌റ്റംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്ന് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഉത്സവ, അവധിക്കാല സീസണുകളിലെ വിമാന ടിക്കറ്റ് വര്‍ധനവ് എല്ലാ കാലത്തും പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്‌നമാണ്.

ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം വിമാന കമ്പനികൾ ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വരുന്ന വിമാനങ്ങളുടെ നിരക്ക് അമിതമായി ഈടാക്കുന്ന പ്രശ്‌നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നത് സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകനയോഗവും ചേർന്നിരുന്നു.

ഇന്ത്യയിൽ നിന്നുള്ള വിമാന കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കുന്നതിന്‍റെ ആദ്യപടിയായി വിമാന കമ്പനിയുമായി പ്രാഥമിക ചർച്ച നടത്താൻ യോഗത്തിൽ തീരുമാനമായിരുന്നു. വിമാന ടിക്കറ്റ് നിരക്ക് വർധനവ് പരിഹരിക്കണമെന്നും പ്രവാസികൾക്ക് നേരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ ജനപ്രതിനിധികൾക്ക് നിവേദനം നൽകിയിട്ടുണ്ട്.

കുറഞ്ഞ നിരക്കില്‍ വിമാനയാത്ര വാഗ്‌ദാനം ചെയ്‌ത് പണം തട്ടല്‍ : ഇതിനിടെ കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്‌ദാനം ചെയ്‌ത് 28 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിൽ മലപ്പുറം സ്വദേശി സുഹൈലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 42000 രൂപയ്ക്ക് ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 60 ഓളം മലയാളികളെയാണ് പ്രതി പറ്റിച്ചത്.

മന്ത്രിമാര്‍ സഞ്ചരിച്ച വിമാനം താഴെയിറക്കി : അതേസമയം, ഇന്നലെ അസം മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ നേതാക്കളുമായി സഞ്ചരിച്ച ഇൻഡിഗോ വിമാനം, ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്‌തിരുന്നു. ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ (എൽജിബിഐ) നിന്ന് ദിബ്രുഗഡിലേക്ക് പുറപ്പെട്ട ഫ്ലൈറ്റ്, യന്ത്ര തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം താഴെയിറക്കിയത്. വിമാനത്തിന്‍റെ രണ്ടാം നമ്പർ എഞ്ചിൻ തകരാറിലായതാണ് സഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിവരം.

ഇൻഡിഗോയുടെ 6E - 2652 ഫ്ലൈറ്റാണ് താഴെയിറക്കിയത്. അസം ക്യാബിനറ്റ് മന്ത്രി ബിമൽ ബോറ, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിങ് മന്ത്രി രഞ്ജിത് കുമാർ ദാസ് പുറമെ, ധക്വാഖാന എംഎൽഎ നബ കുമാർ ഡോളി, കോൺഗ്രസ് നേതാവ് രമൺ ബോർത്താക്കൂർ, ബിജെപി നേതാവ് സുഭാഷ് ദത്ത എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍, എയര്‍ലൈന്‍സ് കമ്പനി ഔദ്യോഗിക പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല.

തകരാർ മൂലം യാത്രക്കാർക്ക് ഏറെ നേരമാണ് വിമാനത്തിനുള്ളിൽ ഇരിക്കേണ്ടിവന്നത്. ഇതേ വിമാനം, സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് അടിയന്തരമായി താഴെയിറക്കിയിരുന്നു.

ABOUT THE AUTHOR

...view details