തിരുവനന്തപുരം : ജിഎസ്‌ടി കൗണ്‍സിലിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധി സംസ്ഥാനത്തിന്‍റെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നവയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൗണ്‍സിലിന്‍റെ നികുതി സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശ രൂപത്തിലുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു.
വിധി സംസ്ഥാനത്തിന്‍റെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നവയാണ്. രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം വിധി ചെലുത്തും. കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്‍റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.
Also Read: സര്‍ക്കാര്‍ ഒറ്റ ദിവസംകൊണ്ട് പൊട്ടിമുളച്ചതല്ല: കെജ്രിവാളിന് മറുപടിയുമായി കെ എന്‍ ബാലഗോപാല്‍
ജിഎസ്‌ടി നടപ്പിലാക്കാന്‍ നടപടികള്‍ തുടങ്ങിയ കാലം മുതല്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്നതാണ് വിധി. ജിഎസ്‌ടി നടപ്പിലാക്കുകയും തുടര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ വരുമാനത്തെയും ഖജനാവിനെയും ബാധിച്ചിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക അസ്തിത്വത്തെയും അധികാരത്തെയും ഒരു പരിധിവരെ സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.