തിരുവനന്തപുരം: സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിന് സപ്ലൈക്കോയുടെ കത്ത് (Supplyco's letter to Kerala Govt). സപ്ലൈക്കോ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സപ്ലൈക്കോ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. 13 സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണമെന്നാണ് സര്‍ക്കാരിനോട് സപ്ലൈക്കോ ആവശ്യപ്പെട്ടത് (Increase prices including subsidized goods).
നിലവില്‍ സപ്ലൈക്കോ 20 മുതല്‍ 30 ശതമാനം വരെ നല്‍കുന്ന ഫ്രീ സെയില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 28 ഉത്പന്നങ്ങളുടെ വില കൂട്ടണമെന്നും സപ്ലൈക്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സപ്ലൈക്കോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനിലിന് കത്ത് കൈമാറുകയും മന്ത്രി സര്‍ക്കാരിന്‍റെ പരിഗണനക്കായി കത്ത് നല്‍കുകയും ചെയ്‌തു. മന്ത്രിയും ഇത് ശരിവച്ചിരുന്നു. 500 കോടി രൂപ ലഭിക്കാതെ വരും മാസങ്ങളില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും സപ്ലൈക്കോ മന്ത്രിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു.
വര്‍ഷങ്ങളായി വില വര്‍ദ്ധനവ് നടക്കുന്നില്ലെന്ന് ഓണക്കാലത്ത് ഉള്‍പ്പെടെ മന്ത്രിമാരും സര്‍ക്കാരും സൂചിപ്പിച്ച സബ്‌സിഡി ഇനങ്ങള്‍ക്ക് വില കൂട്ടണമെന്ന ആവശ്യമാണ് ഇപ്പോള്‍ സപ്ലൈക്കോ ഉന്നയിച്ചിരിക്കുന്നത്. വിപണിയിലെ വര്‍ഷങ്ങളായുള്ള ഇടപെടലില്‍ 1525 കോടിയോളം രൂപ സര്‍ക്കാര്‍ സപ്ലൈക്കോയ്‌ക്ക് നല്‍കാനുണ്ട്. കൊവിഡ് കാലത്തെ സര്‍ക്കാര്‍ കിറ്റിന്‍റെ തുകയും ഇതില്‍ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ സപ്ലൈക്കോയ്‌ക്കായി നീക്കിവച്ച 190.80 കോടി രൂപയില്‍ 140 കോടി രൂപയാണ് ഇതു വരെ നല്‍കിയിട്ടുള്ളത്.