തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായി കൊട്ടിഘോഷിക്കുന്ന നെല്ല് സംഭരണത്തിനാവശ്യമായ പണം കൃത്യസമയത്ത് അനുവദിക്കാന്‍ തയ്യാറാകാത്ത ധനവകുപ്പിന്‍റെ നടപടിയില്‍ പൊതുമേഖല സ്ഥാപനമായ സപ്ലൈക്കോ വലയുന്നു. നെല്ലു സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട പണം നല്‍കുന്നതിനായി ഭീമമായ തുകയുടെ വായ്‌പ ബാധ്യതയാണ് ഇപ്പോള്‍ സപ്ലൈക്കോയുടെ തലയിലായിരിക്കുന്നത്. മാസങ്ങളായി കുടിശിക കിട്ടുന്നില്ലെന്ന കര്‍ഷകരുടെ പരാതി പരിഹരിക്കാന്‍ അടിയന്തരമായി 1,000 കോടി രൂപ കേരള ബാങ്കില്‍ നിന്ന് സപ്ലൈക്കോ വായ്‌പ തരപ്പെടുത്തിയിരിക്കുകയാണ്.
ഇതിനു പുറമേ എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്ന് നെല്ല് സംഭരണത്തിന് നേരത്തെ എടുത്ത 2,500 കോടി രൂപ വായ്‌പ ഒരു രൂപ പോലും തിരിച്ചടയ്ക്കാതെ ബാധ്യതയായി അവശേഷിക്കുന്നു. അങ്ങനെ ആകെ 3,500 കോടി രൂപയുടെ ബാങ്ക് വായ്‌പ ബാധ്യതയുമായാണ് അടുത്ത സീസണില്‍ നേരിടേണ്ടതെന്നതാണ് സപ്ലൈക്കോയെ അലട്ടുന്നത്.
സംസ്ഥാന വിഹിതം കൃത്യസമയത്ത് ലഭിക്കുന്നില്ല: ഒരു സീസണില്‍ പരാമവധി എട്ട് ലക്ഷം ടണ്‍ നെല്ല് സപ്ലൈക്കോ സംഭരിക്കുന്നു എന്നാണ് കണക്ക്. ഒരു കിലോഗ്രാം നെല്ലിന് 28.20 രൂപയാണ് സപ്ലൈക്കോ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതില്‍ 20 രൂപ കേന്ദ്ര സര്‍ക്കാരിന്‍റെ സബ്‌സിഡിയാണ്. 8.20 രൂപയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം.
ഈ തുക നല്‍കുന്നതിനുള്ള സഹായമായി ഒരു സീസണില്‍ ഏകദേശം 1,000 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് ആവശ്യമായി വരുന്നത്. എന്നാല്‍ ഇതിനാവശ്യമായ പണം അനുവദിക്കേണ്ട ധനവകുപ്പാകട്ടെ ഇതു കണ്ടില്ലെന്നു നടിക്കുന്നു. കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നതോടെ ഏതു വിധേനയും പണം നല്‍കാന്‍ സപ്ലൈക്കോ നിര്‍ബന്ധിതമാകും. അങ്ങനെയാണ് വായ്‌പയ്ക്കായി ബാങ്കുകളെ സമീപിക്കുന്നത്.