കേരളം

kerala

ETV Bharat / state

'സാധനങ്ങളുടെ സബ്‌സിഡി അവസാനിപ്പിക്കില്ല, ആശ്വാസ പദ്ധതികള്‍ തുടരും'; മന്ത്രി ജി ആർ അനിൽ

Supply co will not end subsidy: സപ്ലൈകോ വില്‌പനശാലകളിലെ സാധനങ്ങളുടെ സബ്‌സിഡി അവസാനിപ്പിക്കില്ലെന്ന്‌ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ

GR Anil  Supplyco  Subsidy  സപ്ലൈകോ  ജി ആർ അനിൽ  സബ്‌സിഡി
Supplyco will not end subsidy

By ETV Bharat Kerala Team

Published : Jan 10, 2024, 3:51 PM IST

സബ്‌സിഡി അവസാനിപ്പിക്കില്ലെന്ന്‌ ജി ആർ അനിൽ

തിരുവനന്തപുരം: സപ്ലൈകോ വില്‌പനശാലകളിലെ 13 ഇനം സാധനങ്ങളുടെ സബ്‌സിഡി അവസാനിപ്പിക്കില്ലെന്നും എന്നാൽ മാധ്യമങ്ങളിൽ സബ്‌സിഡി നിർത്താൻ പോകുന്നുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നതെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ (Supplyco will not end subsidy GR Anil). ജനങ്ങൾക്ക് കൊടുത്തുകൊണ്ടിരുന്ന ആശ്വാസം തുടരുമെന്നും മന്ത്രി പറഞ്ഞു.

സബ്‌സിഡി അവസാനിപ്പിക്കാൻ വേണ്ട റിപ്പോർട്ട്‌ ഒന്നുമല്ല വിദഗ്‌ധ സമിതി സമർപ്പിച്ചതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രായോഗികമായി ഈ കാലത്ത് എങ്ങനെ ജനങ്ങൾക്ക് അധിക ഭാരം ഇല്ലാതെ മാർക്കറ്റ് വിലയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ എത്തിക്കാമെന്നാണ് സർക്കാരിന്‍റെ കാഴ്‌ചപ്പാട്. വിദഗ്‌ധ സമിതിയും ആ കാഴ്‌ചപ്പാടിൽ തന്നെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ നൽകിയതിൽ നിന്നും പുറകോട്ട് പോകാൻ അല്ല, അതിൽ നിന്നും കുറച്ചു കൂടി മെച്ചപ്പെട്ട നിലപാട് തന്നെയാകും സ്വീകരിക്കുക. സപ്ലൈകോയ്ക്ക് കഴിഞ്ഞ രണ്ടുമാസം കൊണ്ടാണ് പ്രതിസന്ധി വന്നത്. അത് മറികടക്കുന്നതിന് അതിനാവശ്യമായ നടപടികളിലേക്ക് നീങ്ങുകയാണ്. മന്ത്രിസഭയ്ക്ക് മുന്നിൽ വിഷയം വന്നിട്ടില്ല.

വകുപ്പിന്‍റെ പരിഗണനയിലാണ് വിഷയം. നീണ്ടു പോകാതെ തന്നെ മന്ത്രിസഭയുടെ മുന്നിലേക്ക് വരും. ലോക്‌സഭ തെരഞ്ഞെടുപ്പും ഇതുമായി യാതൊരു ബന്ധവുമില്ല. സപ്ലൈകോയ്ക്ക് സാമ്പത്തിക പിന്തുണ ആവശ്യമുണ്ട്. അമിതഭാരം അടിച്ചേൽപ്പിക്കില്ല. സബ്‌സിഡി സാധനങ്ങളിൽ മാത്രമാണ് പ്രശ്‌നം. മദ്യവിൽപന, പെട്രോൾ പമ്പ് എന്നിങ്ങനെ പല നിർദേശങ്ങളും സപ്ലൈകോ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നവംബര്‍ 10 ന്‌ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഭക്ഷ്യവകുപ്പിന് അനുമതി നല്‍കിയിരുന്നു. സപ്ലൈകോ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിലവര്‍ധന സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് അംഗങ്ങളടങ്ങിയ സമിതിയെ ജിആര്‍ അനില്‍ നിയമിച്ചിരുന്നു. സപ്ലൈകോ എംഡി, ഭക്ഷ്യ സെക്രട്ടറി, പ്ലാനിങ് ബോര്‍ഡ് അംഗം എന്നിവരടങ്ങിയ സമിതിയെയാണ് മന്ത്രി നിയോഗിച്ചിരുന്നത്‌.

39 ആമത് സംസ്ഥാന സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള: അതേസമയം 39 ആമത് സംസ്ഥാന സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയുടെ ഉദ്ഘാടനം ജനുവരി 12 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ ആണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെയും 9 ഐഎച്ച്ആർഡി സ്‌കൂളുകളിലെയും 850 ൽ പരം കായിക പ്രതിഭകൾ പങ്കെടുക്കും. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details