തിരുവനന്തപുരം:തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോഡ് താപനില. 36.1 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ ( 14.03.22) തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിലെ കണക്കനുസരിച്ച് ഈ ദിവസങ്ങളിൽ ശരാശരി താപനില 33.7 ഡിഗ്രി സെൽഷ്യസായിരുന്നു. 2019 മാർച്ചിൽ താപനില 36.7 ഡിഗ്രി വരെയെത്തിയിരുന്നു.
വേനൽ കനക്കുന്നതോടെ രാത്രിയും പകലും ചൂട് കൂടും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിക്കേണ്ട അളവിൽ മഴ ലഭിക്കാത്തതാണ് കാരണം. വേനൽമഴ തുടങ്ങാത്തതിനാൽ കിണറുകളിലും നദിയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. വരുന്ന വ്യാഴം, വെള്ളി ( മാർച്ച് 17,18 തീയതികളില്‍) ജില്ലയിൽ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പുണ്ട്.
ചൂട് അസഹനീയമായതിന്‍റെ ബുദ്ധിമുട്ടിലാണ് വഴിയോര കച്ചവടക്കാരും ഓട്ടോ തൊഴിലാളികളുമുൾപ്പെടെയുള്ളവർ. വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.