തിരുവനന്തപുരം: സിനിമയുടെ നിർമാണ, വിതരണ ശൃംഖലകളിൽ ഏറ്റവും ഒടുവിലത്തെ പ്രവര്‍ത്തനമാണ് സിനിമ പോസ്റ്റർ ഒട്ടിക്കുന്നത്. ഈ രംഗത്ത് അനേകം തൊഴിലാളികളുണ്ടെങ്കിലും ഇവരുടെ ജീവിതം അധികമാരും അറിയാത്തതാണ്. പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഈ വിഭാഗത്തിന്‍റെ ജീവിതം പറയുന്ന പുസ്‌തകമാണ് സുധീഷ് മഞ്ഞപ്പാറ എഴുതിയ 'ഓലക്കൊട്ടക'. ഈ പുസ്‌തകത്തിന്‍റെ വില്‍പനയുമായി ഐഎഫ്‌എഫ്‌കെയില്‍ സജീവമാണ് എഴുത്തുകാരന്‍.
സിനിമ പോസ്റ്ററൊട്ടിപ്പുകാരനായി രണ്ട് പതിറ്റാണ്ട്; ഒടുവില്‍ അനുഭവങ്ങള്‍ കൊണ്ടൊരു 'ഓലക്കൊട്ടക' - സിനിമ പോസ്റ്ററൊട്ടിപ്പുകാരനായി രണ്ട് പതിറ്റാണ്ട്
പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍. ഈ തൊഴില്‍ മേഖലയില്‍ രണ്ട് പതിറ്റാണ്ടിനടുത്ത് പ്രവര്‍ത്തിച്ച സുധീഷ് മഞ്ഞപ്പാറയാണ് 'ഓലക്കൊട്ടക' പുസ്‌തകം ഒരുക്കിയിരിക്കുന്നത്

ഐഎഫ്‌എഫ്‌കെയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിന്‍റെ മുന്‍പിലാണ് സുധീഷിന്‍റെ പുസ്‌തക വില്‍പന. 20 വർഷത്തിനടുത്ത് സിനിമ പോസ്റ്റർ ഒട്ടിച്ചും തിയേറ്ററുകളില്‍ ജോലി ചെയ്‌തും ജീവിക്കുന്ന തന്‍റെ സ്വന്തം ജീവിതാനുഭവങ്ങളാണ് സുധീഷ് മഞ്ഞപ്പാറയുടെ പുസ്‌തകത്തിന്‍റെ ഉള്ളടക്കം. സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച സ്വന്തം ജീവിതം മറ്റ് സിനിമ പ്രേമികൾക്കും പ്രചോദനമാവുമെന്നാണ് എഴുത്തുകാരന്‍റെ പക്ഷം.
'ഓലക്കൊട്ടക'യ്‌ക്ക് ജയരാജിന്‍റെ അവതാരിക:നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുസ്‌തകത്തെക്കുറിച്ച് കുറിപ്പ് എഴുതിയിട്ടുണ്ട്. ഇത് വലിയ സന്തോഷമാണ് സുധീഷിലുണ്ടാക്കിയത്. 'ഓലക്കൊട്ടക'യുടെ കവര്‍ പേജ്, മുഖം മൂടിയായി ധരിച്ചാണ് വായനക്കാരെ ആകര്‍ഷിപ്പിക്കുന്നത്. സംവിധായകൻ ജയരാജാണ് പുസ്‌തകത്തിന്‍റെ അവതാരിക എഴുതിയിരിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പുസ്‌തകത്തില്‍ ആശംസയും കുറിച്ചിട്ടുണ്ട്. തങ്ങളുടെ ആരാധനാപാത്രങ്ങൾക്കായി ലക്ഷങ്ങള്‍ ചെലവിടുന്ന ആരാധകര്‍, സിനിമയുടെ പിന്നണിയിലുള്ള ഈ തൊഴില്‍ വിഭാഗത്തിലുള്ളവരെക്കുറിച്ച് ഓര്‍ക്കാറുണ്ടോയെന്ന് സുധീഷ് ചോദിക്കുന്നു.